ദുബായ് ∙ ലോകത്തിലെ മുൻനിര യോട്ടുകളും വിവിധ ബോട്ട് നിർമാതാക്കളുടെ പുതിയ യാനങ്ങളും അണിനിരക്കുന്ന രാജ്യാന്തര ബോട്ട് ഷോ ദുബായ് ഹാർബറിൽ തുടങ്ങി. ഇരുനൂറോളം ബോട്ടുകളും ആയിരത്തോളം ബ്രാൻഡുകളുമാണ് മേളയിലെ താരങ്ങൾ. യുഎഇയുടെ സ്വന്തം ‘ഗൾഫ് ക്രാഫ്റ്റ്’ ഉൾപ്പെടെയുള്ള യോട്ട് നിർമാതാക്കളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
കടൽപ്പരപ്പിലെ 5 സ്റ്റാർ സ്വീറ്റ് റൂമുകൾ പോലാണ് ഓരോ യോട്ടുകളും. കോടീശ്വരന്മാർക്ക് ഒഴിവാക്കി നിർത്താനാവാത്ത ആഡംബരം. ഓരോ വർഷവും പുതിയ യോട്ടുകൾ വാങ്ങുന്നവർ പോലുമുണ്ട്. വിശാലമായ ലിവിങ് റൂം, അത്യാഡംബര കിടപ്പുമുറി, കടൽക്കാഴ്ചകൾ ഇരുന്നും കിടന്നും കാണാനുള്ള ഇടങ്ങൾ അങ്ങനെ നീളും യോട്ടുകൾക്കുള്ളിലെ സൗകര്യങ്ങൾ. (പൊതുവേ സമ്പന്നരുടെ വിനോദോപാധിയാണെങ്കിലും സാധാരണക്കാർക്കും യോട്ടുകൾ പ്രാപ്യമാണ്. മണിക്കൂർ വാടകയ്ക്ക് ദുബായ് മറീനയിൽ അവ ലഭ്യമാണ്).
ബോട്ടുകൾക്കു പുറമേ കടലിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, മീൻപിടിത്ത ഉപകരണങ്ങൾ, സ്കീയിങ് ബോർഡുകൾ, സ്നോർക്കലിങ് ഉപകരണങ്ങൾ, കടൽ വിനോദവുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങൾ എന്നിവയും മേളയിലുണ്ട്. കൂടാതെ, ജലഗതാഗത രംഗത്തെ പുതിയ സാങ്കേതികവിദ്യകളും ട്രെൻഡുകളും ഇവിടെ അവതരിപ്പിക്കപ്പെടും.
വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ചർച്ചകളും കരാർ ഉറപ്പിക്കലുമാണ് മേളയിൽ പ്രധാനമായും നടക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ യോട്ടുകൾക്കു നിർണായക സ്ഥാനമുള്ളതിനാൽ വൻകിട ടൂറിസം കമ്പനികളും ഇവിടെയെത്തിയിട്ടുണ്ട്. ലോകത്തിലെ പ്രമുഖ മുങ്ങൽ വിദഗ്ധരും ഷോയുടെ ഭാഗമായെത്തിയിട്ടുണ്ട്. ഫ്ലയിങ് സ്യൂട്ട് ധരിച്ച് കടലിനു മീതെ പറക്കുന്ന രക്ഷാപ്രവർത്തകരുടെ പ്രകടനവും മേളയിൽ ഉണ്ടായിരിക്കും.
55 രാജ്യങ്ങളിൽ നിന്നുള്ള ബോട്ട് കമ്പനികൾ മേളയുടെ ഭാഗമാണ്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ ഈ വർഷം ആദ്യമായി പങ്കെടുക്കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോട്ട് ഷോ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 60 ദിർഹമാണ് പ്രവേശന ഫീസ്.
ഇന്ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 വരെയും നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയും സമാപനദിവസമായ മാർച്ച് 3ന് ഉച്ചയ്ക്കു 3 മുതൽ രാത്രി 8 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. അതിനിടെ, രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായ് ഹാർബർ സ്ഥിരം വേദിയാകുമെന്ന് ഉടമ അബ്ദുല്ല ബിൻ ഹബ്തൂർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
വില കേട്ടാൽ തലകറങ്ങും!
ബുഷ് ആൻഡ് നോബിൾ കമ്പനി തടിയിൽ നിർമിച്ച 50 മീറ്റർ നീളമുള്ള യോട്ടിനു വില 3.29 കോടി ദിർഹം. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഏകദേശം 75 കോടി. 12 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ കിടപ്പുമുറി ഉൾപ്പെടെയെല്ലാം ആഡംബരത്തിന്റെ നേർരൂപങ്ങളാണ്. 1.2 കോടി ഡോളർ വിലയുണ്ടായിരുന്ന പ്രിൻസസ് എക്സ് 95 എന്ന യോട്ടിന് ഈ മേളയിൽ 20 ലക്ഷം ഡോളറിന്റെ വിലക്കുറവുണ്ട്. ഒരു കോടി ഡോളർ മുടക്കിയാൽ ആ യോട്ട് വാങ്ങാം. (ഇന്ത്യൻ രൂപ 83 കോടി).
പൂർണമായും സോളർ പാനലിൽ സർവീസ് നടത്തുന്ന യോട്ടുകളാണ് സൺറീഫ് എന്ന പോള്ഷ് കമ്പനിയുടേത്. ടെന്നിസ് താരം റാഫേൽ നദാൽ ഉൾപ്പെടെയുള്ളവരാണ് സൺറീഫിന്റെ കസ്റ്റമേഴ്സ്. റാസൽഖൈമയിൽ പുതിയ ഷിപ്പ് യാഡ് നിർമിക്കുമെന്ന് സൺറീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. യോട്ടുകളും ബോട്ടുകളും നിർമിച്ച് ആഭ്യന്തര വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
മെയ്ഡ് ഇൻ യുഎഇ
യുഎഇയുടെ സ്വന്തം ഗൾഫ് ക്രാഫ്റ്റ് 15 യോട്ടുകളാണ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ളത്. യുഎഇയിൽ നിർമിക്കുന്ന മിക്ക യോട്ടുകളും അനുബന്ധ ഉപകരണങ്ങളും വിദേശവിപണി ലക്ഷ്യമാക്കി പണിയുന്നവയാണ്. 70% ഉൽപന്നങ്ങളും വിദേശവിപണിയിലാണ് വിൽക്കുന്നതെന്ന് ഗൾഫ് ക്രാഫ്റ്റ് ഉടമകൾ പറഞ്ഞു.
യോട്ടുകൾ മൂലമുള്ള ജലമലിനീകരണം വളരെ കുറവാണ്. താരതമ്യേന സുരക്ഷിതമായ ജലഗതാഗത മാർഗമാണിത്. യോട്ടുകളുടെ എൻജിനുകൾ ഹൈബ്രിഡ് ആക്കുന്നതിനുള്ള ഗവേഷണങ്ങൾ നടക്കുകയാണ്. ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന എൻജിനുകളാണ് ഇനി വരാൻ പോകുന്നത്. കൂടാതെ, സോളർ എൻജിനുകളും വ്യാപകമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ