ക്രൂരമായ മർദ്ദനത്തിന്റെ വേദനയും വിവസ്ത്രനാക്കി മറ്റുള്ളവർക്ക് മുന്നിൽ നിൽക്കേണ്ടി വന്ന അപമാനഭാരവും ഒരു യുവാവിനെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചിരിക്കുന്നു, ഒപ്പം ഈ പ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുമ്പോൾ സഹായിക്കാൻ ആരും വരുന്നില്ല എന്ന ബോധ്യവും… വെറ്ററിനറി വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം നമ്മെ വീണ്ടും ചിലത് ഓർമ്മിപ്പിക്കുകയാണ്.
നമ്മുടെ ക്യാംപസുകളിൽ പടർന്നുപിടിക്കുന്ന അക്രമവാസനയുടെയും ക്രൂരതയുടെയും നേർചിത്രമാണ് ഈ മരണം. ഈ ഫെബ്രുവരി പതിനെട്ടിനാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥിയുമായ ജെ. എസ് സിദ്ധാർത്ഥൻ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് സിദ്ധാർത്ഥൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
കേസിൽ കഴിഞ്ഞ ദിവസം ആറ് വിദ്യാർഥികളെ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവർ കേസിലെ പ്രതികളാണ്. ഒരു പ്രതിയെ പോലീസ് പിടിച്ചുവെങ്കിലും മറ്റുള്ളവർ ഒളിവിലാണ്. ആറ്പേരെ നേരത്തെ അറസ്റ് ചെയ്തിരുന്നു.
സിദ്ധാർഥന്റെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളാണ് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയത്. സിദ്ധാർഥന് ക്രൂരമായ മർദനം ഏറ്റിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്കാണു സിദ്ധാർഥൻ ആക്രമണത്തിന് ഇരയായത്. 13നു ക്യാംപസിലെ ഒരു വിദ്യാർഥിനിയോടു സിദ്ധാർഥൻ പ്രണയാഭ്യർഥന നടത്തിയതോടെയാണ് എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ സിദ്ധാർഥനെ മർദിക്കാൻ തീരുമാനിച്ചത്. 14ന് വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥൻ നൃത്തം ചെയ്തതും മർദനത്തിനു കാരണമായി. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണു സിദ്ധാർഥന്റെ ബന്ധുക്കൾ പറയുന്നത്. മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ക്യാംപസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കോളേജ് യൂണിയൻ പ്രസിഡന്റും, യുണൈൺ അംഗവും, സെക്രെട്ടറിയുമൊക്കെ പ്രതികളാണ്. ഒരു വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ചെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയം എന്താണ് മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നതെന്ന് നാം അന്വേഷിക്കണം.
ഫെബ്രുവരി 15ന് വീട്ടിലേക്ക് പോകാനിറങ്ങിയ സിദ്ധാർഥനെ പാതിവഴിയിൽ വച്ച് തിരികെ കോളേജിലേക്ക് വിളിച്ച ശേഷമായിരുന്നു ഈ അതിക്രമങ്ങൾ നടത്തിയത്. ക്യാമ്പസിനുള്ളിൽ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെൽറ്റും വയറും ഉപയോഗിച്ച് മർദിച്ചുവെന്നും സിദ്ധാർഥന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.
ക്രൂരമായ മർദ്ദനത്തിന്റെ വേദനയും വിവസ്ത്രനാക്കി മറ്റുള്ളവർക്ക് മുന്നിൽ നിൽക്കേണ്ടി വന്ന അപമാനഭാരവും ഒരു യുവാവിനെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചിരിക്കുന്നു, ഒപ്പം ഈ പ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുമ്പോൾ സഹായിക്കാൻ ആരും വരുന്നില്ല എന്ന ബോധ്യവും കൂടി ചേർന്നപ്പോൾ ഒരു വ്യക്തി കടന്നുപോയത് അതിക്രൂരമായ ശാരീരിക വേദനകൾക്കൊപ്പം അത്രതന്നെ അല്ലെങ്കിൽ അതിലുമേറെ മാനസിക വേദനകളിൽ കൂടിയായിരുന്നുവെന്ന് പറയേണ്ടതില്ല.
നമ്മുടെ ക്യാമ്പസുകൾ, നമ്മുടെ വിദ്യാലയങ്ങൾ ഇത്തരം അക്രമ രാഷ്ട്രീയം ഉയർത്തുന്നതാകരുത്. ഇത്തരം ക്രൂരതകൾ കാഴ്ചവെക്കുന്നവരെ സംഘടനാ നേതൃത്വം ഒരു കാരണവശാലും സംരക്ഷിക്കാൻ പാടില്ല. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക ഇത്രെയും വേഗം. ഇനി ആ കുടുംബത്തിന് അത്രമാത്രമേ ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും കഴിയു. കാരണം ഇനി ഒന്നും സിദ്ധാർത്ഥൻ പകരമാകില്ല എന്നതുകൊണ്ട് തന്നെ.
പരാതി തീർപ്പാക്കലും, ശിക്ഷ വിധിക്കലുമൊന്നും നടത്തേണ്ടത് രാഷ്ട്രീയപാർട്ടികളുടെ കോടതികളിലല്ല. അത് അനുവദിക്കാനും കഴിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം