രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച ഓർഡിനൻസായിരുന്നു ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ്. ഭരണഘടനാ സംരക്ഷണത്തിനാണ് ബിൽ എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. ലോകായുക്ത നിയമത്തിലെ അനുഛേദം 14 ഭരണഘടനാ വിരുദ്ധമാണെന്ന് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശമായിരുന്ന ഓര്‍ഡിനന്‍സിന്റെ കാതല്‍.
എന്നാൽ ലോകായുക്തയുടെ ചിറകരിഞ്ഞ് അതിനെ ദുർബലമാക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഓർഡിനൻസ് എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം. ലോകായുക്തയിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയേയും സംരക്ഷിക്കാനാണ് നിയമത്തിൽ ഭേദഗതി ചെയ്യുന്നതെന്നാണ് പ്രതിപക്ഷം എതിർപ്പറിയിച്ചു കൊണ്ട് പറഞ്ഞിരിന്നത്. പ്രതിപക്ഷത്തിൽ നിന്നും മാത്രമല്ല ഭരണപക്ഷത്തുനിന്നും ഓർഡിനൻസിനെതിരെ വൻ വിമർശനമാണുയർന്നത്. മുന്നണിയിലേയും മന്ത്രിസഭയിലേയും രണ്ടാമത്തെ കക്ഷിയായ സിപിഐയും സർക്കാർ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. പതിനാലാം വകുപ്പ് റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന നിലപാടായിരുന്നു സിപിഐ ഉന്നയിച്ചത്. ചില നിക്ഷിപ്ത താല്പര്യക്കാരെ സംരക്ഷിക്കാനാണ് ഓർഡിനൻസ് എന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരെ ഒളിയമ്പും സിപിഐ തൊടുത്തിരുന്നു.
തുടക്കത്തിൽ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചെങ്കിലും നിയമസഭയിൽ അവതരിപ്പിച്ച് ബിൽ പാസാക്കിയപ്പോൾ ഗവർണർ അതിൽ ഒപ്പിടാൻ തയ്യാറായിരുന്നില്ല.സംസ്ഥാനത്തെ ഗവർണർ സർക്കാർ പോരിൻ്റെ സമയത്ത് ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവച്ച കൂട്ടത്തിലും ലോകായുക്ത ബില്ലും ഉൾപ്പെട്ടു. പിന്നീട് ഈ ബിൽ രാഷ്ട്രപതിയുടെ തീരുമാനത്തത്തിനായി ഗവർണർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നൽകിയതോടെ വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാവുകയാണ് ലോകായുക്താ നിയമ ഭേദഗതി ബിൽ.
സംസ്ഥാന സർക്കാരിൻ്റെ വിജയം എന്ന് ഇടത് മുന്നണിയും സർക്കാരും രാഷ്ട്രപതിയുടെ അംഗീകാരത്തെ ഉയർത്തിക്കാട്ടുമ്പോൾ പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ ഉദാഹരണമാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത് എന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം.
വഴിമരുന്നിട്ടത് കെ.ടി. ജലീലിൻ്റെ രാജി
ബന്ധു നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ.ടി.ജലീൽ രാജി വച്ചതോടെയാണ് ഇങ്ങനെ ഒരു ഭേദഗതിയെക്കുറിച്ച് സംസ്ഥാന സർക്കാർ ചിന്തിക്കുന്നത്. രാഷ്ട്രപതി അംഗീകാരം നൽകിയ ബിൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നിയമമായിരുന്നെങ്കിൽ കെ.ടി.ജലീലിന് മന്ത്രി സ്ഥാനം നഷ്ടമാകില്ലായിരുന്നു.ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്ത കണ്ടെത്തിയത്. തുടർന്ന്അദ്ദേഹം രാജിവെച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ തയ്യാറായില്ല. ബിൽ നിയമമായതിന് ശേഷമാണ് ജലീലിനെതിരെ വിധി വന്നത് എങ്കിൽ ഒരു ഹിയറിംഗ് നടത്തി അദ്ദേഹത്തിനെതിരേയുള്ള വിധി വേണമെങ്കില്‍ സര്‍ക്കാരിന് റദ്ദാക്കാൻ സർക്കാരിന് കഴിയും. ഇത്തരത്തിൽ ലോകായുക്തയുടെ വിഷിഷ്ട അധികാരങ്ങൾ എല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി
ലോകായുക്തയുടെ ചരിത്രം
1966 ൽ മൊറാര്‍ജി ദേശായി പാർലമെൻറിൽ സമര്‍പ്പിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമായി ലോക്പാല്‍, ലോകായുക്ത എന്നീ രണ്ടു ഭരണഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവരെയാണ് ലോകായുക്ത നിയമനത്തിന് പരിഗണിക്കുക. അഞ്ചു വര്‍ഷമാണ് കാലാവധി. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും സംസ്ഥാനത്തെ ലോക്സഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല. ശമ്പളം ലഭിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെയും, സ്വന്തമായി ബിസിനസ് നടത്തുന്നവരെയും ലോകായുക്ത നിയമനത്തിന് പരിഗണിക്കാറില്ല. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ക്കാണ് ലോകായുക്തയെ നിയമിക്കാനുള്ള അധികാരം. കേരളത്തില്‍ 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് സംവിധാനം രൂപീകരിച്ചത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് സംവിധാനം.
എന്താണ് ലോകായുക്ത?
സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്‍പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്തയ്ക്ക് പരാതികള്‍ നല്‍കി ചോദ്യം ചെയ്യാം
ശിക്ഷിക്കാനുള്ള അധികാരമില്ല എങ്കിലും ശക്തം
തിരുവനന്തപുരത്താണ് ലോകായുക്തയുടെ ആസ്ഥാനം. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്താറുണ്ട്. ചെലവുകളേതുമില്ലാതെ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. നേരിട്ടോ വക്കീല്‍ മുഖാന്തരമോ പരാതി നല്‍കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേണ്ട നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശിപാര്‍ശ ചെയ്യാം. പദവികളില്‍നിന്ന് നീക്കുക, തല്‍സ്ഥാനത്തുനിന്ന് തരം താഴ്ത്തുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ് എടുക്കാന്‍ ശിപാര്‍ശ ചെയ്യുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, ശാസന നല്‍കുക എന്നിങ്ങനെയാണ് ലോകായുക്ത സാധാരണയായി നല്‍കാറുള്ള ശിപാര്‍ശകള്‍.
ആര്‍ക്കെല്ലാം എതിരെ പരാതി നല്‍കാം?
- നിലവിലേയോ മുന്‍പത്തെയോ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, നിയമസഭാംഗങ്ങൾ
- സര്‍ക്കാര്‍ ജീവനക്കാര്‍
- തദ്ദേശഭരണ സ്ഥാപനങ്ങള്‍
- കോര്‍പ്പറേഷനുകള്‍
- ബോര്‍ഡുകള്‍
- അതോറിറ്റികള്‍
- സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍
- തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍
- രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍
- സര്‍ക്കാര്‍ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍
- സര്‍വകലാശാലകള്‍
- പൊതുമേഖല സ്ഥാപനങ്ങള്‍(പഞ്ചായത്ത്/മുന്‍സിപ്പല്‍ അംഗങ്ങള്‍, അവിടത്തെ ജീവനക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരായ പരാതികള്‍ ലോകായുക്തയില്‍ സമര്‍പ്പിക്കാന്‍ സാധ്യമല്ല) എന്നിവർക്ക് എതിരെ പരാതി നല്‍കാം.
പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ?
- എതിര്‍കക്ഷിയുടെ പദവിയും ഔദ്യോഗിക മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം.
- പരാതി കൃത്യമായി അക്കമിട്ട് എഴുതണം.
- ലളിതവും കൃത്യവും ആയിരിക്കണം. പ്രിന്റ് ചെയ്തതാണെങ്കില്‍ നല്ലത്.
- പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കണം.
- എതിര്‍കക്ഷി പാസാക്കാനുള്ള ഓര്‍ഡറിനെതിരെയും സ്റ്റേ വാങ്ങാം.
- അഭിഭാഷകന്‍ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്ക്കണം.
- നോട്ടീസ് അയയ്ക്കാന്‍ ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവറുകള്‍ ഉണ്ടായിരിക്കണം.
- പരാതിയുടെ നാലു കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ്.
- പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി കേരള ലോകായുക്ത രജിസ്ട്രാര്‍ക്കാണ് അയക്കേണ്ടത്.
- രജിസ്ട്രാര്‍ക്ക് നേരിട്ടോ, വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലോ പരാതി സമര്‍പ്പിക്കാം.
- പരാതി കൊടുത്തശേഷം അടുത്ത സിറ്റിങ്ങിനു നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടി വരും.
- ഏതുസമയത്തും പരാതി പിന്‍വലിക്കാം, യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.
കേരളത്തിലെ ലോകായുക്ത
കേരളത്തിൽ ലോകായുക്ത നിയമം നിലവിൽ വന്നിട്ട് ഈ വർഷം നവംബറിൽ 25 വർഷമാകും. 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് കേരളത്തിൽ ലോകായുക്ത പ്രാബല്യത്തിൽ വന്നത്. ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും അടങ്ങിയതാണ് കേരളത്തിലെ ലോകായുക്ത സംവിധാനം. ലോകായുക്തയിൽ നിയമിക്കപ്പെടുന്നവർ സംസ്ഥാനത്തെ ലോക്സഭ, നിയമസഭ പ്രതിനിധിയാകാൻ പാടില്ല. സർക്കാർ ജോലിയിൽ ഉള്ളവർക്കും ബിസിനസ് നടത്തുന്നവർക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവർക്കും ലോകായുക്തയുടെ ഭാഗമാകാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണറാണ് ലോകായുക്തയെ നിയമിക്കേണ്ടത്.
രാഷ്ട്രപതി അംഗീകരിച്ച ലോകായുക്ത നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ
ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് പുതിയ ഭേദഗതി എന്നാണ് ബില്ലിനെതിരെ ഉയരുന്ന വിമർശനം. നിലവിലെ നിയമമനുസരിച്ച് അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള ഭേദഗതി പ്രകാരം ലോകായുക്തയുടെ അധികാരം ശിപാര്‍ശ നല്‍കാന്‍ മാത്രമാക്കി. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
ജഡ്ജിയുടെ യോഗ്യതയിലും ഇളവ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവരെയാണ് ലോകായുക്തയായി നിയമിക്കുന്നത്. പുതിയ നിയമ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാമെന്ന് നിർദ്ദേശിക്കുന്നു. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഉപലോകായുക്തയാകാന്‍ കഴിയുക.
വീണ്ടും വിവാദത്തിലേക്കോ?
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ബില്ലിനെ സംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിപക്ഷം ബിൽ ആയുധമാക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണ് ബില്ലിന് പിന്നിൽ എന്ന പതിവ് വാദമായിരിക്കും പ്രതിപക്ഷം പ്രധാനമായും തെരഞ്ഞെടുപ്പിൽ ആയുധമാക്കുക. വരും ദിനങ്ങളിൽ സജീവ ചർച്ചയായി ലോകായുക്താ നിയമ ഭേദഗതി നിലനിൽക്കാനാണ് സാധ്യത.