വനിതാ ഐപിഎൽ; യുപി വാരിയേഴ്‌സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് മുംബൈ ഇന്ത്യന്‍സ്

ബംഗളൂരു: വനിതാ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി. യുപി വാരിയേഴ്‌സിനെതിരായ മത്സത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 55 റണ്‍സ് നേടിയ ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ യുപി 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കിരണ്‍ നവ്‌ഗൈര്‍ 57 റണ്‍സെടുത്തു. ഇസി വോംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് യുപിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കിരണ്‍ – അലീസ ഹീലി സഖ്യം 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ക്യാപറ്റന്‍ കൂടിയായ ഹീലിയാണ് ആദ്യം മടങ്ങുന്നത്. വോംഗിന്റെ പന്തില്‍ സൈക ഇഷാഖിന് ക്യാച്ച്. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ  തഹ്ലിയ മഗ്രാത് (1) വോംഗിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കിരണിനെ അമേലിയ കേറും കുടുക്കി. 31 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ആറ് ഫോറും നേടിയിരുന്നു. ഇതോടെ മൂന്നിന് 98 എന്ന നിലയിലായി യുപി. 

എന്നാല്‍ ഗ്രേസ് ഹാരിസ് (17 പന്തില്‍ 38) – ദീപ്തി ശര്‍മ (20 പന്തില്‍ 27) പിരിയാത്ത കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗ്രേസ് ഒരു സിക്‌സും ആറ് ഫോറും നേടി. ദീപ്തിയുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, മാത്യൂസ് മാത്രമാണ് മുംബൈ നിരയില്‍ ചെറുത്തു നിന്നത്. യസ്തിക ഭാട്ടിയക്കൊപ്പം (26) ഒന്നാം വിക്കറ്റില്‍ 50 റണ്‍സാണ് മാത്യൂസ് ചേര്‍ത്തത്. 

പിന്നീടെത്തിയ നതാലി സ്‌കിവര്‍ ബ്രന്റ് (19), അമേലിയ കേര്‍ (23), പൂജ വസ്ത്രകര്‍ (18) എന്നിവര്‍ നിര്‍ണായ സംഭാവന നല്‍കി. മലയാളി താരം സജന സജീവന്‍ നാല് റണ്‍സെടുത്ത് പുറത്തായി. ഇസി വോംഗ് (ആറ് പന്തില്‍ 15), അമന്‍ജോത് കൗര്‍ (0) പുറത്താവാതെ നിന്നു.