കോഴിക്കോട്: കൈക്കൂലിക്കേസിൽ മുൻ തൊട്ടിൽപാലം എസ്.ഐക്ക് ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയും. മാനന്തവാടി പയ്യമ്പള്ളി അതുല്യ വീട്ടിൽ പി. സോമനെയാണ് കോഴിക്കോട് വിജിലൻസ് പ്രത്യേക ജഡ്ജി വി. മധുസൂദനൻ ശിക്ഷിച്ചത്. രണ്ടാം പ്രതി കാവിലുംപാറ റഹീന മൻസിലിൽ കേളോത്ത് നാസറിനെ കോടതി വിട്ടയച്ചു.
2013 സെപ്റ്റംബർ മൂന്നിന് കുറ്റ്യാടി മഠത്തിൽ ജാഫറിൽനിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ക്രിമിനൽ കേസുകൾ സംബന്ധിച്ച് ക്രിമിനൽ നടപടിചട്ട പ്രകാരം ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകുന്നത് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
രണ്ടാം പ്രതി എസ്.എയുടെ ഏജന്റായി പ്രവർത്തിച്ചുവെന്നാണ് കേസെങ്കിലും തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് വിട്ടയച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് സ്പെഷൽ പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ ഹാജരായി.