ചെന്നൈ: ഐസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിന്റെ പത്രപരസ്യത്തിൽ ചൈനീസ് പതാക കടന്നു കൂടിയ വിഷയത്തിൽ പ്രതികരണവുമായി ഡിഎംകെ നേതാവ് കനിമൊഴി. സംഭവത്തിൽ പ്രധാനമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ പ്രതികരണം.
തന്റെ അറിവിൽ ചൈനയെ ഇതുവരെ ഇന്ത്യ ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ചൈനീസ് റോക്കറ്റ് പരസ്യത്തിൽ വന്നതിൽ തെറ്റില്ല എന്ന വാദമാണ് കനിമൊഴി ഉയർത്തിയത്. ഒപ്പം അത് ഏങ്ങനെ സംഭവിച്ചത് എന്നറിയില്ലെന്നും കനിമൊഴി പറഞ്ഞു. പത്രത്തിൽ പരസ്യം വന്നതിൽ അത് ചെയ്ത ആർട്ടിസ്റ്റിനെ വിമർശിക്കാനും കനിമൊഴി മറന്നില്ല. ഇതിന്റെ ആർട്ട് വർക്ക് നടത്തിയയാൾ ഈ ചിത്രം എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് തനിക്കറിയില്ല എന്നായിരുന്നു ഇന്ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് കനിമൊഴി പറഞ്ഞത്.
“ഇന്ത്യ ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതായി ഞാൻ കരുതുന്നില്ല, പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രിയെ ക്ഷണിച്ചതും അവർ മഹാബലിപുരത്തേക്ക് പോയതും നമ്മൾ കണ്ടതാണ് . നിങ്ങൾ സത്യം അംഗീകരിക്കാൻ ആഗ്രഹിക്കാത്തതിനാൽ, കാര്യങ്ങളെ വഴിതിരിച്ചുവിടാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതാണ് പ്രശ്നം,” കനിമൊഴി പറഞ്ഞു
കുലശേഖരപട്ടണത്തിൽ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വിളംബരം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ പരസ്യമാണ് ബിജെപി വിവാദമാക്കിയത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിക്കുന്നതായിരുന്നു പരസ്യം. പ്രധാനമന്ത്രി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡിഎംകെ നേതാവ് കനിമൊഴി എം പി എന്നിവരുടെ ചിത്രത്തിനൊപ്പം ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വെകാതെ വിവാദമായത്.
ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയത്. “ഒരു പണിയും എടുക്കാതെ വെറുതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഞങ്ങളുടെ പദ്ധതികൾ അവരുടെ പേരിലേക്കാക്കുന്നതാണെന്ന് ആർക്കാണ് അറിയാത്തത്? എന്നാൽ, ഇപ്പോൾ അവർ പരിധികടന്നു. തമിഴ്നാട്ടിലെ ഐഎസ്ആർ.ഒ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ്”- തിരുനെൽവേലിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു.
















