റിയാദ് ∙ വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് നിലവിൽ. ഈ അവസ്ഥക്ക് മാറ്റം വരണം. നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് കഴിയണം. നിർഭാഗ്യവശാൽ കേരളത്തിൽ നിന്നും നിലവിൽ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഇടപെടൽ കാണാൻ സാധിക്കുന്നില്ല.
രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്ന വിധത്തിലാണ് ഇന്നത്തെ ഭരണ സംവിധാനങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്. സർവ്വ മേഖലയിലും രാജ്യം നേടിയ പുരോഗതി ദിനംതോറും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കണം. അതിനായി വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ വിവേകപൂർവ്വം നേരിടേണ്ടത് അനിവാര്യമാണ്.
കേരളത്തിലെ ഇടതുമുന്നണി കരുത്തരായ 20 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാടിന്റെ വികസനത്തിനും അവകാശ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ നേതൃനിരയെയാണ് മുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സമൂഹ മാധ്യമം വഴിയുള്ള പ്രചാരണങ്ങൾ, മണ്ഡലം കൺവൻഷനുകൾ, കുടുംബ സംഗമങ്ങൾ തുടങ്ങി ഇടതു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ട വിപുലമായ പ്രവർത്തനങ്ങൾക്ക് കേളി പദ്ധതിയിട്ടിട്ടുണ്ടെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ