കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെനെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ 6 പേർ കസ്റ്റഡിയിൽ. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ കേസിലെ 12 പ്രതികൾ ഒളിവിൽ തുടരുകയാണ്.
മൃതദേഹത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുൾപ്പെടെ ഒളിവിൽ പോയ 12 പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനായിട്ടില്ല.
പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കമുള്ള പ്രതികളെ പൊലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം പുകയുന്നത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാർഥന്റെ മാതാപിതാക്കളും രംഗത്തുവന്നിരുന്നു