കൊച്ചി: നടിയെ അക്രമിച്ച കേസിൽ ചലച്ചിത്ര നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും താല്‍ക്കാലിക ആശ്വാസം. നടൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിൽ ആയതിനാൽ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരികാൻ ആവില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ഉത്തരവിലെ കണ്ടെത്തലുകളും പരാമർശങ്ങളും തുടർ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ സമർപ്പിച്ച ഹർജിയിലെ ആരോപണം ആരോപിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, കേസിലെ നിര്‍ണ്ണായക തെളിവുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയിലെ വസ്തുതാന്വേഷണ റിപ്പോർട്ട് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നൽകുന്നത് എതിര്‍ത്ത എട്ടാം പ്രതി ദിലീപ് തനിക്ക് പകര്‍പ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് നടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.