കൂട്ടിലായിട്ടും കാട്ടിലെ ശൗര്യം വിടാതെ ഗര്‍ജ്ജിക്കുകയാണ് പുല്പള്ളി മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവ. മുന്‍വശത്തെ നാല് കോമ്പല്ലുകളാണ് പൊട്ടിപ്പോയിരിക്കുന്നത്. മുകളിലത്തെ രണ്ടും താഴത്തെ രണ്ടു പല്ലുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എങ്കിലും പിടിക്കപ്പെട്ടതിന്റെ ദേഷ്യം ഇതുവരെ തീര്‍ന്നിട്ടില്ലെന്നാണ് തൃശൂര്‍ മൃഗശാലാ അധികൃതര്‍ പറുന്നത്. ഏകദേശം നല്ല തടിയും പൊക്കവുമുള്ള കടുവയ്ക്ക് പത്തുവയസ്സിന് താഴെ പ്രായമുണ്ടാകുമെന്നാണ് നിഗമനം. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും ഭക്ഷണം എടുക്കാന്‍ കഴിയാത്തതിന്റെ ക്ഷീണമുണ്ട്.
തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാന്‍ തീരുമാനിച്ചത്. കര്‍ണാടക വനത്തിലും ഈ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പല്ല് പോയതെന്നാണ് പ്രാഥമിക നിഗമനം. കാട്ടില്‍ ഇരതേടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കാന്‍ ആരംഭിച്ചത്. കോഴിയാണ് ഇതിന്റെ പ്രധാന ഭക്ഷണം. അതു കൊണ്ട് കോഴി ഇറച്ചിയാണ് മൃഗശാലാ അധികൃതര്‍ നല്‍കുന്നതും. പല്ലു പോയ കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തൃശൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ഡബ്ലുഡബ്ല്യുഎല് 127 എന്നാണ് വനംവകുപ്പ് ഈ കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടവു വീണത്. ഇന്നലെ രാത്രിയോടെ തൃശൂരിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ വനംവകുപ്പിന്റെ കൂട്ടില്‍ നിന്നും മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. കൂടുമാറ്റുന്നതിന് വലിയ പ്രയാസം നേരിട്ടെങ്കിലും പുതിയ കൂട്ടില്‍ എത്തിയതോടെ ശൗര്യം കൂടി. ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് തൃശൂരിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടത്.
Read more ….
- തിരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ മുൻ എംപി ജയപ്രദയോട് മാർച്ച് ആറിനകം ഹാജരാകാൻ കോടതി
- ഇന്ത്യയിൽ പോയ വർഷം ഉണ്ടായ വിദ്വേഷ പ്രസംഗങ്ങളുടെ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ: റിപ്പോർട്ട്
- സാമ്പത്തികമായി തകർന്ന് ഇസ്രായേൽ; സമ്പദ്ഘടനയ്ക്ക് പ്രഹരമേൽപ്പിച്ച് യുദ്ധം
- ഗസ്സയിലെ വെടിനിർത്തൽ ; ഒന്നും പറയാറായിട്ടില്ലെന്ന് നെതന്യാഹു; കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ്
- വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകി രണ്‍ജീത്ത് വധക്കേസ് പ്രതികള്‍
വനംവകുപ്പിന്റെ അധീനതയില്‍ തന്നെയാണ് കടുവ ഇപ്പോഴും. അതുകൊണ്ട് അതിന്റെ ഭാവി എന്താണെന്ന് വനംവകുപ്പാണ് തീരുമാനിക്കേണ്ടതും. നിലവില്‍ കടുവയെ ക്വാറന്റൈനൊന്നം ചെയ്യാതെ മൃഗശാലയിലെ കൂട്ടില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രാഥമിക വൈദ്യ പരിശോധനയും നടത്തിയിട്ടുണ്ട്. പല്ലുപോയിട്ടുണ്ട് എന്നല്ലാതെ, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കടുവയ്ക്കില്ല. എന്നാല്‍, കോമ്പല്ലുകള്‍ പോയതു കൊണ്ട് വലിയ മൃഗങ്ങളെ വേട്ടയാടി പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
അതു കൊണ്ടാണ് കാടുവിട്ട് നാട്ടിലേക്കിറങ്ങി കോഴിയയെയും പന്നിയെയും ആടിനെയുമൊക്കെ വേട്ടയാടിത്തുടങ്ങിയത്. സാധരണയായി മൃഗശാലയില്‍ എത്തിക്കുന്ന മൃഗങ്ങള്‍ക്ക് പേരിടാറുണ്ട്. എന്നാല്‍, ഈ കടുവയ്ക്ക് പ്രത്യേകിച്ച് പേരൊന്നും ഇട്ടിട്ടില്ല. കടുവയുടെ ഭാവി വനംവകുപ്പിന്റെ കൈയ്യില്‍ ആയതിനാല്‍ മൃഗശാലാ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിലവില്‍ കടുവയെ ഇട്ടിരിക്കുന്ന കൂട് മറച്ചിരിക്കുകയാണ്. ആളുകളെ കാണുമ്പോള്‍ അത് വല്ലാതെ ഭയക്കുന്നുണ്ടെന്നാണ് മൃഗശാലാ കീപ്പര്‍മാര്‍ പറയുന്നത്.
കോമ്പല്ലുകള്‍ നഷ്ടമായ കടുവയെ തിരിച്ച് കാട്ടില്‍ വിട്ടാല്‍ അത് വീണ്ടും നാട്ടിലേക്ക് തന്നെ എത്തുമെന്ന ആശങ്ക വനംവകുപ്പിനുണ്ട്. അതുകൊണ്ട് ഡബ്ലിയുഡബ്ലിയുഎല് 127നെ മൃഗശാലയില്‍ തന്നെ സൂക്ഷിക്കാനായിരിക്കും തീരുമാനം ഉണ്ടാവുക. കടുവയുടെ മൂക്കിലും, കണ്ണിനു താഴെയുമൊക്കെ തൊലി ഇളകിപ്പോയിട്ടുണ്ട്. കടുവയെ ഇട്ടിരിക്കുന്ന കൂട്ടില്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ മഞ്ഞള്‍പ്പൊടിയും വിതറിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക