വില്‍പ്പന കുതിപ്പില്‍ പുതിയ നേട്ടം സ്വന്തമാക്കി ടൊയോട്ടയുടെ എം.പി.വി

ഇന്ത്യയിലെ ജനപ്രിയ എം.പി.വി. മോഡലായ ഇന്നോവയുടെ മൂന്നാം ഭാവമാണ് ഹൈക്രോസ് എന്ന പേരില്‍ നിരത്തുകളില്‍ എത്തിയത്. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നിങ്ങനെ നീളുന്ന നിരയിലെ ഒടുവിലെ മോഡലായ ഹൈക്രോസും വില്‍പ്പനയില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 50,000 ഹൈക്രോസ് എം.പി.വികള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

2022 നവംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയില്‍ അവതരിപ്പിച്ചത്. കേവലം 14 മാസങ്ങള്‍ കൊണ്ടാണ് അരലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതെന്നാണ് വിലയിരുത്തല്‍. ടൊയോട്ടയുടെ ഗ്ലോബല്‍ ആര്‍കിടെക്ചര്‍ (ടി.എന്‍.ജി.എ) അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഇന്നോവ ഹൈക്രോസ്.

ഹൈബ്രിഡ് എന്ന സങ്കേതികവിദ്യ, കണക്ടഡ് ഫീച്ചറുകള്‍, കാഴ്ചയിലെ അഴക് തുടങ്ങിയവയെല്ലാം ഹൈക്രോസിന്റെ ജനപ്രീതി ഉയര്‍ത്തിയ ഘടകങ്ങളാണ്.

ജി, ജി.എക്‌സ്, ജി.എക്‌സ്(ഒ) എന്നീ മൂന്ന് വേരിയന്റുകളിലാണ് പെട്രോള്‍ മോഡലുകള്‍ എത്തുന്നത്. ഇതിന് 19.77 ലക്ഷം രൂപ മുതല്‍ 20.17 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. നാല് വേരിയന്റുകളില്‍ ഹൈബ്രിഡ് മോഡലുകളും എത്തുന്നുണ്ട്.

വി.എക്‌സ്, വി.എക്‌സ് ഓപ്ഷണല്‍, ഇസഡ്.എക്‌സ്, ഇസഡ് എക്‌സ് ഓപ്ഷണല്‍ എന്നിവയാണ് ഇവ. 25.72 ലക്ഷം രൂപ മുതല്‍ 30.68 ലക്ഷം രൂപ വരെയാണ് ഹൈബ്രിഡ് പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില.

Read More……

സെല്‍ഫ് ചാര്‍ജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.

ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കും നല്‍കും. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഈ മോഡലാണ് സെഗ്മെന്റില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയായ 21.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നത്.

ടി.എന്‍.ജി.എ. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഹൈക്രോസിന്റെ റെഗുലര്‍ പതിപ്പിന് കരുത്തേകുന്നത്. 1987 സി.സിയില്‍ 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്.

സി.വി.ടി. ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹൈബ്രിഡ് മോഡലില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കിയിട്ടുള്ളത്. 16.13 കിലോമീറ്ററാണ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.