ഭൂമിയിലെ സ്വര്‍ഗമാണ് കേരളത്തിന്റെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞു നില്ക്കുന്ന കുളിരുള്ള ഇടങ്ങള്‍. എന്നാല്‍, അതേ ഇടങ്ങളില്‍ തന്നെയാണ് മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിക്കുന്ന ലയങ്ങള്‍ എന്ന നരകവും ഉള്ളത്. വിനോദ സഞ്ചാരികളും ടൂറിസ്റ്റുകളും മനോഹരമായ തേയിലത്തോട്ടങ്ങളും അവിടുത്തെ കാലാവസ്ഥയും ആസ്വദിച്ച് അനുഭവിച്ച് നല്ല ഓര്‍മ്മകളുമായി മടങ്ങുന്നു. പക്ഷെ, ആ സ്വര്‍ഗത്തിന്റെ പരിപാലകരും കുടുംബവും മറ്റേ ചെരുവില്‍ നരകിച്ച് ജീവിക്കുകയാണെന്ന് എല്ലാവരും മറന്നു പോകുന്നു.
ഈ നരകത്തില്‍ ജീവിക്കുന്നത് തൊഴിലാളികളാണ്. അവരെക്കുറിച്ച് ഓര്‍ക്കേണ്ടതും പറയേണ്ടതും തൊഴില്‍ വകുപ്പും തോട്ടം ഉടമകളും, സര്‍ക്കാരുമാണ്. എന്നാല്‍, ഇവര്‍ക്കും ലയങ്ങളെക്കുറിച്ചോ തൊഴിലളികളെ കുറിച്ചോ പ്രത്യേകിച്ചൊന്നു പറയാനില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്തെ ലയങ്ങളുടെ നവീകരണം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ പെടാപാടുപ്പെടുകയാണ്. ഓരോ ബജറ്റിലും പ്രത്യേകം തുക വകയിരുത്തുന്നതിനപ്പുറം തുടര്‍ നടപടികളിലേക്കു പോകില്ല.
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. 2016ല്‍ ജസ്റ്റിസ് കൃഷ്ണന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടും, അതിനു മുമ്പ് 1994 ജസ്റ്റിസ് എം.പി മേനോന് കമ്മിഷന് റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കൈയ്യിലുള്ളപ്പോഴാണ് ഇനിയും പഠനം നടത്തണമെന്ന നിലപാട് എടുത്തിരിക്കുന്നത്. സര്‍ക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കെ.എന്‍. ബാലഗോപാലിന്റെ ബജറ്റിലൂടെ 24 വര്‍ഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും ലയങ്ങള്‍ നവീകരിക്കാനും പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നായിരുന്നു കരുതിയത്.
2021 മുതല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ വരെ ലയങ്ങളുടെ നവീകരണത്തിന് പത്ത് കോടി വീതം വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. ആദ്യം അനുവദിച്ച 10 കോടി ഇതിനോടകം നഷ്ടമായി. മാര്‍ച്ച് 31ന് മുമ്പ് ഭരണാനുമതി ലഭിച്ചില്ലെങ്കില്‍ രണ്ടാമത് അനുവദിച്ച 10 കോടിയും നഷ്ടമാകും 2020ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങളുടെ പുനരുദ്ധാരണവും തോട്ടം മേഖലയിലെ പ്രശ്ന പരിഹാരവും അനിവാര്യമാണെന്ന ആവശ്യമുയര്‍ന്നിരുന്നു. ഉടമകള്‍ ഉപേക്ഷിച്ച തോട്ടങ്ങളിലെ ലയങ്ങള്‍ അടിയന്തിരമായി നവീകരിക്കണം എന്ന നിര്‍ദേശം തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും സര്‍ക്കാരിനു മുന്നില്‍ വെച്ചു.
തോട്ടം മേഖല നേരിടുന്ന പ്രതിസന്ധികള്‍ മറി കടക്കാന്‍ പ്രത്യേകപാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്നോട്ടു വന്നു. തുടര്‍പഠനങ്ങള്‍ക്ക് ശേഷം പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു ലഭിച്ച മറുപടി. പഠനങ്ങളും തുടര്‍ചര്‍ച്ചകളും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടായി കാര്യങ്ങള്‍ക്കൊരു തീരുമാനവുമായിട്ടില്ല. തീരുമാനമുണ്ടാകാന്‍ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാരും സംവിധാനങ്ങളും എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കേരളത്തിലെ തോട്ടങ്ങളിലെ ലയങ്ങള്‍ ശോച്യാവസ്ഥയിലാണെന്ന് ജസ്റ്റിസ് എം.പി മേനോന് കമ്മിഷന് 1994ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ജസ്റ്റിസ് കൃഷ്ണന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടും 2016ല്‍ സമര്‍പ്പിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടും എട്ടു വര്‍ഷമായി തൊട്ടുനോക്കിയിട്ടില്ല എന്നതാണ് വസ്തുത. ഈ റിപ്പോര്‍ട്ടിലാകട്ടെ, ‘തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക്’ എന്ന തലക്കെട്ടിലാണ് ലയങ്ങലുടെയും തൊഴിലാളികളുടെ കൂലിയെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നത്.
ഇതില്‍ തൊഴിലാലികള്‍ താമസിക്കുന്ന ലയങ്ങളിലെ ശുചിത്വമില്ലായ്മയും, ദുസ്സഹമായി ജീവിത സാഹചര്യങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തോട്ടം ഉടമകളുടെ പ്രശ്നങ്ങളെ ഫോക്കസ് ചെയ്താണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മനസ്സിലാകും. കാരണം, തോച്ചം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നമെന്നല്ല, ഈ ഭാഗത്തിന്റെ തലക്കെട്ടു പോലും. തോട്ടം മേഖയില്‍ നിന്ന് തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് എന്നാണ്. അത് തോട്ടം ഉടമകള്‍ നേരിടുന്ന പ്രശ്നമായേ വ്യാഖ്യാനിക്കാന്‍ കഴിയൂ.
കമ്മിഷനുകളും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ പഠന വിധേയമാക്കിയിട്ടില്ലെന്ന് മനസ്സിലാകും. എന്നാല്‍, കമ്മിഷന്റെ സിറ്റിംഗില്‍ വിവിധ മേഖലയിലുള്ളവരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, പുനലൂര്‍, പീരുമേട്, മൂന്നാര്‍ മേഖലയിലെ പ്ലാന്റേഷനിലുള്ളവരുമായാണ് ആശയ വിനിമയം നടത്തിയത്. പുനലൂര്‍ കഴുതുരുട്ടിയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ അമ്പനാട് എസ്റ്റേറ്റ്, പൊന്മുടി ടീ എസ്റ്റേറ്റ്, മെര്‍ക്കിസ്റ്റണ്‍ ടീ എസ്റ്റേറ്റ്, ബോണക്കാട് എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കമ്മിഷന്റെ അന്വേഷണങ്ങള്‍ നടന്നത്.
ഇങ്ങനെ 8 വര്‍ഷം മുമ്പ് തയ്യാറാക്കിയ റിപ്പോര്ട്ടിന്മേല് ഇതുവരെയും അടയിരുന്ന സര്‍ക്കാരിന്റെ തൊഴിലാലി സ്നേഹം എന്താണെന്ന് തിരിച്ചറിയണം. എട്ടു വര്‍ഷം മുമ്പ് നല്കി റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. തൊഴിലാലികള്‍ നരക ജീവിതത്തിലാണെന്ന്. എന്നിട്ടും, മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്നതാണ് പ്രധാന ചോദ്യം. ജോലിയില്‍ നിന്നും പിരിയുന്ന തൊഴിലാളികള്‍ ലയങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാതെ അവിടെത്തന്നെ താമസിക്കുന്നതായും വളരെ ബുദ്ധിമുട്ടിയാല്‍പ്പോലും ലയങ്ങള്‍ ഒഴിപ്പിച്ചെടുക്കാന്‍ കഴിയാറില്ലെന്നും മാനേജ്മെന്റുകള്‍ പരാതിപ്പെടുന്നുണ്ട്.
പ്ലാന്റേഷന് ചീഫ് ഇന്‍സ്പെക്ടറും ഈ അഭിപ്രായം ശരിവെയ്ക്കുന്നു. ഇങ്ങനെ സര്‍വീസില്‍ നിന്നും പിരിഞ്ഞ തൊഴിലാളികള്‍ എസ്റ്റേറ്റ് ലയങ്ങളില്‍ താമസിച്ചുകൊണ്ട് ദിവസക്കൂലി മാത്രം കൈപ്പറ്റിക്കൊണ്ട് ജോലി ചെയ്യുന്നു. പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളില്പ്പോലും ഇത്തരം തൊഴിലാളികള്‍ പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ താമസിക്കുന്നുണ്ട്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത സര്‍വീസില്‍ നിന്ന് പിരിയുന്ന തൊഴിലാളികളെ പുനരധി വസിപ്പിക്കുന്നതിനായി ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക