ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും എസ് ജയശങ്കറും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇരുവരും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇവര്‍ ഏതു സംസ്ഥാനത്ത് ഏത് മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന കാര്യം പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. രണ്ടുപേരും ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല
പ്രസംഗത്തിലും നേതൃപാടവത്തിലും മുന്നിലുള്ള നിര്‍മ്മലാസീതാരാമനും എസ്. ജയ്ശങ്കറും നരേന്ദ്രമോദി മന്ത്രിസഭയിലെ ശ്രദ്ധേയമായ അംഗങ്ങളാണ്. രണ്ടുപേര്‍ക്കും മതിയായ പാര്‍ലമെന്ററി പരിചയമുണ്ടെങ്കിലും ഇരുവരും ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടില്ല. ഇരുവരേയും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതായി കല്‍ക്കരി, ഖനന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്രഹ്‌ളാദ് ജോഷിയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, നിർമ്മലയും ജയശങ്കറും എവിടെ നിന്നും മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. നിർമ്മല കര്‍ണാടകയില്‍ നിന്നും മത്സരിച്ചേക്കാനുള്ള സാധ്യതകളാണ് പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ചാണ് നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയില്‍ എത്തിയിരിക്കുന്നത്.
ജയശങ്കർ ഗുജറാത്തിനെയാണ് പ്രതിനിധീകരിക്കുന്നത്. കർണാടകയും ഗുജറാത്തുമാണ് ജയശങ്കറിനായി പാർട്ടി നോക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിട്ടാണ് ഇരുവരേയും മത്സരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
മുമ്പ് നിര്‍മ്മലാ സീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് നിർമ്മല പാർട്ടി നേത്യത്വത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സമരം
കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കേണ്ട നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഒരു കേന്ദ്രമന്ത്രിയെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു ഉയർന്ന പ്രചരണം. ഇപ്പോള്‍ രാജീവ് ചന്ദ്രശേഖറുടെ പേരാണ് തിരുവനന്തപുരത്ത് ശശി തരൂരിന് എതിരായി പറഞ്ഞു കേള്‍ക്കുന്നത്. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി
















