തിരുവനന്തപുരം: കിഫ്ബിക്ക് സ്വന്തമായി ഓഫിസ് വാങ്ങാൻ നൂറ് കോടിയുടെ ടെൻ്റർ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി ചെയർമാനുമായ കെ.എം എബ്രഹാം. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിഫ്ബിയുടെ ഓഫീസിന് വേണ്ടി ജനുവരി 4 നാണ് ടെൻ്റർ വിളിച്ചിരിക്കുന്നത്.

65000 സ്ക്വയർ ഫീറ്റ് മുതൽ ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടമോ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടമോ ആണ് കിഫ്ബിക്ക് അന്വേഷിക്കുന്നത് .മാത്രമല്ല 30 കാറുകളും, 200 ടൂ വീലറുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം കെട്ടിടത്തിന് വേണം. ലിഫ്റ്റ് തുടങ്ങി മറ്റ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും കെട്ടിടത്തിന് വേണം. അതും സെക്രട്ടറിയേറ്റിന് അടുത്ത് തന്നെ വേണം എന്ന വാശിയും കിഫ് ബി മേധാവിക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സെക്രട്ടേറിയേറ്റിന് 1 കി.മി ചുറ്റളവിൽ ഇങ്ങനെ ഒരു കെട്ടിടം വാങ്ങണമെങ്കിൽ 50 കോടി മുതൽ 100 കോടി വരെ മുടക്കണം എന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക് നൽകി പിണറായി അനുഗ്രഹിച്ചതോടെ പഴയതുപോലെ മുഖ്യമന്ത്രിയുടെ നോർത്ത് ബ്ലോക്കിലെ ഒരു മുറിയിൽ ഒതുങ്ങാൻ എബ്രഹാമിന് താൽപര്യമില്ല. അതിനാണ് പുതിയ റാങ്ക് തുല്യം ചാർത്തി നൽകുന്നതിന് മുമ്പ് ഒരു മാസം മുമ്പേ വിശാലമായ ഓഫിസ് സ്വന്തമാക്കാൻ എബ്രഹാം ശ്രമം ആരംഭിച്ചത് എന്നാണ് സൂചന.
















