തിരുവനന്തപുരം: സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസികളുടെ പേരിൽ കോടികളുടെ അഴിമതി. മണ്ണിടിച്ചിലുള്ള സ്വകാര്യ ഭൂമി കോടികൾ മുടക്കി സർക്കാർ വാങ്ങുന്നതിലെ അഴിമതിയാണ് പുറത്തായിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം വില്ലേജിലെ ബെന്നി സബാസ്റ്റ്യന്റെ പേരിലുള്ള 45 ഡിഗ്രിയിലേറെ ചെങ്കുത്തായ 6.62 ഹെക്റ്റര്‍ ഭൂമിയാണ് നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി കോടികള്‍ മുടക്കി സർക്കാർ വാങ്ങുന്നത്. വിവാദമരം മുറിക്ക് ഉത്തരവിട്ട എ.ജയതിലക് റവന്യൂ സെക്രട്ടറിയായിരിക്കുമ്പോഴാണ് മനുഷ്യവാസം സാധ്യമില്ലാത്ത സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
23/4/2022 ന് അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ ഉന്നതതല കമ്മിറ്റി മേൽപ്പറഞ്ഞ ഭൂമി ആദിവാസികൾക്ക് നൽകാൻ യോഗ്യമാണെന്ന് വിലയിരുത്തുകയും ഭൂമിയുടെ വില 2.91 കോടി രൂപയാണെന്ന് നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് 25/4/2022 റവന്യൂ വകുപ്പ് തിരക്കിട്ട് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവുമിറക്കി.
ജയതിലകും സര്‍ക്കാര്‍ വക്കീലും ചേര്‍ന്ന് നടത്തിയ കോടികളുടെ അനധികൃത ഇടപാടുകൾക്കെതിരെ പിന്നീടെത്തിയ റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഫയലില്‍ ശക്തമായ നിലപാടെടുത്തതായിട്ടാണ് വിവരം. അപകടം മനസ്സിലാക്കിയ ചീഫ് സെക്രട്ടറി ഡോ. വേണു നേരിട്ട് ഇടപെട്ട് ഉന്നതതല മീറ്റിംഗ് വീണ്ടും വിളിച്ച് ചേര്‍ത്ത് ഭൂമി ഏറ്റെടുക്കാനുള്ള വി.പി. ജോയിയുടെ തീരുമാനം റദ്ദാക്കിയെങ്കിലും മിനുട്ടില്‍ ഒപ്പിടാന്‍ ഡോ. ജയതിലക് വിസമ്മതിച്ചതായും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമി പാവപ്പെട്ട ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമല്ല എന്ന് ആദിവാസി പുനരധിവാസ മിഷന്‍ (ടിആർടിഎം) സ്‌പെഷ്യല്‍ ഓഫീസര്‍ രേഖാമൂലം സർക്കാറിനെ അറിയിച്ചു. ഏറ്റെടുക്കാൻ പോകുന്നകൃഷി ചെയ്യാനോ, വീട് വെക്കാനോ, സുരക്ഷിതമായി ജീവിക്കാന്‍ പോലുമാകാത്ത ഭൂപ്രദേശമാണിതെന്ന് അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറകടര്‍ ഡോ. വിനയ് ഗോയല്‍ റിപ്പോര്‍ട്ട് നൽകി.
ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നൽകാനുള്ള സ്‌കീം നടപ്പിലാക്കാന്‍ 2018 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് പുല്ലുവില നൽകിയാണ് സ്വകാര്യഭൂമി ഏറ്റെടുക്കാനുളള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അപകടകരമായ മണ്ണിടിച്ചില്‍ സാധ്യതയുള്ള ‘റെഡ് സോണില്‍’ പെട്ട ചെങ്കുത്തായ ഭൂമി 45 ഡിഗ്രിക്ക് മേലെ ചരിവുള്ളതാണെന്നും ഭൂമിശാസ്ത്രപരമായി അപകടം പിടിച്ച പ്രദേശമാണെന്നും ജില്ലാ ജിയോളജിസ്റ്റും, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തിയ ഭൂമിയാണിത്.
‘റെഡ് സോണിലെ’ ഭൂമി വാങ്ങാന്‍ തീരുമാനിച്ച അതേ ഉന്നതതല കമ്മിറ്റി മീറ്റിംഗിൽ മറ്റൊരു ഭൂമി ‘ഓറഞ്ച് സോണില്‍’ (അപകടം കുറഞ്ഞ) പെട്ടതിനാല്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമല്ല എന്ന് രേഖപ്പെടുത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.ഏത് സമയത്തും മലയിടിച്ചില്‍ സംഭവിക്കാവുന്ന വളരെ അപകടം പിടിച്ച ഭൂപ്രദേശങ്ങളെയാണ് ദുരന്തനിവാരണ അതോറിറ്റി ‘റെഡ് സോണില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഓറഞ്ച് സോണ്‍’ അപകടമാണെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയ അതേ യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി വി.പി.ജോയിയും റവന്യൂ സെക്രട്ടറി ഡോ. ജയതിലകും ‘റെഡ് സോണിലെ’ കോടികൾ നൽകാൻ നല്‍കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലനായ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ കാരണമാണെന്നാണ് സൂചനകൾ.
പ്രതികൂലമായ ടിആർഡിഎം റിപ്പോര്‍ട്ട് ലഭിച്ച ശേഷവും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു ഉടമ സമ്പാദിച്ച ഇടക്കാല കോടതിവിധി മറയാക്കി ഭൂമി ഏറ്റെടുക്കല്‍ ശ്രമം തുടര്‍ന്നു. അപ്പൊഴേക്കും ടിആർടി എം ന്റെ നിയന്ത്രണമുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ചുമതല കൂടി ജയതിലകിന് ലഭിച്ചു.
ഇക്കാലയളവിൽ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകൻ്റെ നിലപാടുകളും വാദങ്ങളും പൂര്‍ണ്ണമായും വസ്തു ഉടമ ഭൂഉടമയായ സ്വകാര്യ വ്യക്തിക്ക് അനുകൂലമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിദ്ദേശപ്രകാരം, പ്രതികൂല റിപ്പോര്‍ട്ടുകള്‍ മറികടക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനമായി
എന്നാൽ റെഡ് സോണില്‍ അപകടം പിടിച്ച ഭൂമിയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വിവിധ രീതിയിലുള്ള ശാസ്ത്രീയ നിര്‍മ്മാണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ട ശേഷം ഭൂമി വാങ്ങാം എന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സര്‍ക്കാരിന് നല്‍കിയത്. 3 കോടി ചെലവാക്കി വാങ്ങുന്ന ഭൂമിയില്‍ 5 കോടിയോളം സുരക്ഷാനടപടികള്‍ക്ക് അധിക തുക ചെലവാക്കിയ ശേഷം വെറും 25 ആദിവാസികളെ മാത്രമേ പുനരധിവസിപ്പിക്കാന്‍ സാധിക്കൂ എന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
റെഡ് സോണിലെ അപകടകരമായ ഭൂപ്രദേശത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ 12/09/2023 ന് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുന്‍പാകെ മുവാറ്റുപുഴ എംഎൽഎ മാത്യു കുഴല്‍നാടന്‍ നല്‍കിയ പരാതിയില്‍ കോടതി നടപടികളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികളുടെ പേരില്‍ വാങ്ങുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമസഭാസമിതി വിഷയം പരിഗണിച്ച് കൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ തലത്തില്‍ പണം കൈമാറാന്‍ തിടുക്കപ്പെട്ട നടപടികള്‍ തുടങ്ങിയത്.
ഇതിനിടെ വസ്തു ഉടമകള്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യുകയും കേസില്‍ കക്ഷി പോലുമല്ലാത്ത ജയതിലകിന്റെ നിര്‍ദ്ദേശപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ ഉറപ്പ് കൊടുക്കുകയും ചെയ്തു. ബെന്നി സെബാസ്റ്റ്യനും കുടുംബാംഗങ്ങളുമായുള്ള ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ രമ്യതയില്‍ പറഞ്ഞ് തീര്‍ത്തെന്നും മുഴുവന്‍ തുകയും രണ്ടാഴ്ചക്കുള്ളില്‍ കക്ഷിക്ക് കൈമാറുമെന്നും സര്‍ക്കാര്‍ വക്കീല്‍ കോടതിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി അപ്രകാരം വിധിയില്‍ രേഖപ്പെടുത്തുകയും ചെയ്തു.
സുരക്ഷാ നടപടികള്‍ക്ക് അധികതുക ചെലവാക്കി, വാസയോഗ്യമാക്കി ഭൂമി ഏറ്റെടുക്കാന്‍ ഡോ. ജയതിലക് സ്വന്തം നിലയില്‍ സര്‍ക്കാര്‍ ഉത്തരവും ഇറക്കി. കേസില്‍ കക്ഷി പോലുമല്ലാത്ത പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സെക്രട്ടറി ജയതിലകിനെ കോടതിയില്‍ വിളിച്ച് വരുത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വക്കീല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി പോലും ഫയല്‍ കാണാതെയാണ് വിചിത്രമായ ഈ ഉത്തരവിറങ്ങിയത്.
എന്നാല്‍ റവന്യു വകുപ്പോ പട്ടികവര്‍ഗ്ഗ വികസന വകുപ്പോ അത്തരത്തില്‍ ഭൂമി ഏറ്റെടുക്കാമെന്നോ പണം കൈമാറാമെന്നോ ഒരു ഉറപ്പും നല്‍കിയിട്ടില്ല എന്ന് റവന്യു വകുപ്പ് ഫയലില്‍ എഴുതിയതോടെയാണ് കള്ളി വെളിച്ചത്തായത്. മറിച്ച്, കേസ് ശക്തമായി നടത്താനാണ് അഡ്വക്കേറ്റ് ജനറലിനോട് ഇരു വകുപ്പുകളും രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ അത്തരത്തില്‍ ഒരുറപ്പ് നല്‍കിയത് എന്നത് ദുരൂഹമാണെന്നാണ് റവന്യു വകുപ്പ് കേന്ദ്രങ്ങൾ പറയുന്നത്.
സര്‍ക്കാര്‍ വക്കീലിനെതിരെ നടപടിയെടുക്കാന്‍ റവന്യു വകുപ്പ് ഫയല്‍ നീക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിര്‍ത്തി വെപ്പിക്കുകയായിരുന്നു. പുതിയ റവന്യൂ സെക്രട്ടറിയുടെ എതിര്‍പ്പിനെ മറികടന്ന് എതിര്‍ കക്ഷിക്ക് അനുകൂലമായി നിലപാടെടുത്ത സര്‍ക്കാര്‍ വക്കീലിനെ നിലനിര്‍ത്തുന്നത് ഉന്നതതലത്തില്‍ കേസ് തോറ്റുകൊടുക്കാന്‍ ധാരണയായി എന്നതിൻ്റെ തെളിവാണെന്നാണ് റവന്യൂ വൃത്തങ്ങൾ നൽകുന്ന സൂചന.