യൂസഫ് അരിയന്നൂർ
തൃശ്ശൂർ: സ്വയംതൊഴിൽ സംരംഭമെന്ന നിലയിൽ ആരംഭിച്ച ചെറു ഫ്ലവർ മില്ലുകൾ വരുമാനം കുറഞ്ഞ പ്രതിസന്ധിയിൽ ആയതോടെ കൂട്ടത്തോടെ അടച്ചു പൂട്ടേണ്ട അവസ്ഥയിൽ ആണ്. സംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ ഏകദേശം 4000 ത്തോളം സ്ഥാപനങ്ങൾ പൂട്ടി എന്നാണ് കണക്കുകൾ. ജില്ലയിൽ 120 മില്ലുകളുടെ ലൈസൻസ് പുതുക്കി നൽകിയില്ലെന്നും ആക്ഷേപമുണ്ട്.
പാക്കറ്റ് പൊടികളുടെ പ്രചാരം കൂടിയതോടെ അരിയും മുളകും മല്ലിയും പൊടിക്കാൻ എത്തുന്നവർ കുറവാണ്. ഗോതമ്പ് ഒഴിവാക്കി പാക്കറ്റ് ആട്ട വിതരണം റേഷൻ കടകളിൽ വ്യാപകമായതും പ്രതികൂലമായി. ദൂരപരിധിയില്ലാതെ മില്ലുകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് അനുവദിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം ചെറു സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നും സ്വയം തൊഴിൽ സ്ഥാനപങ്ങൾക്കുള്ള മൂലധന നിക്ഷേപം സർക്കാർ ഉറപ്പുവരുത്തണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
വൈദ്യുതി ചാർജ് കെട്ടിട വാടക ലൈസൻസ് ഫീസ് തൊഴിൽ നികുതി തുടങ്ങിയവ വർദ്ധിച്ചു വർഷങ്ങളായി പ്രവർത്തിക്കുന്ന മില്ലുകൾക്ക് പോലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ആവശ്യപ്പെടുന്നു. യന്ത്രങ്ങളുടെ റിപ്പയർ ചിലവും കൂടി മില്ലുകളിൽ നിന്ന് യൂസർ ഫീ ഈ ടാക്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനം പിൻവലിക്കണം എന്നും പീഡിത വ്യവസായങ്ങൾക്കുള്ള ആനുകൂല്യം നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.