ജാതി എന്നത് മലയാള സിനിമയില്‍ കൊടികുത്തി വാഴുന്ന ഒന്നാണെന്ന് പറഞ്ഞാല്‍ എതിരഭിപ്രായം പറയുന്നവരെ നോക്കിയാല്‍ മതി ജാതി എന്താണെന്ന്തിരിച്ചറിയാന്‍. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജാതികേരളം നാടുകടത്തിയ മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസി തൊട്ട് തുടങ്ങുന്നു. പിന്നീടിങ്ങോട്ട് ജാതി വാലുള്ള വാനരന്‍മാര്‍ വാലില്ലാത്ത ജാതിക്കാരെ വളഞ്ഞിട്ടാക്രമിക്കുകയാണ് ചെയ്തത്. ഇത് ചരിത്രമാണ്. വെള്ളിത്തിരയിലെ സൗന്ദര്യം തൊട്ടുകൂടായ്മയില്‍ നിര്‍ത്തിയ ജാതിക്കോമരങ്ങള്‍ക്കു മുമ്പില്‍ നിവര്‍ന്നു നില്‍ക്കാന്‍ ഇന്നും ആണൊരുത്തന്‍ സിനിമാ മേഖലയില്‍ വന്നിട്ടില്ല. കമ്യൂണിസിറ്റു പാര്‍ട്ടിയൊക്കെയാണ് കേരളം ഭരിക്കുന്നതെങ്കിലും നരകിക്കുന്നത് പിന്നോക്കക്കാര്‍ തന്നെയാണ്.
ഈ ഘട്ടത്തിലാണ് പി.കെ റോസിയെന്ന നടി പ്രസക്തയാകുന്നത്. തിരുവനന്തപുരം നന്തന്‍കോട് ആമത്തറ വയലിനു സമീപം കോലപ്പന്‍, കുഞ്ഞി ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് പി.കെ. റോസി എന്ന രാജമ്മ ജനിച്ചത്. എല്‍.എം.എസ് പള്ളി സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ അമ്മ വീണ്ടും പ്രസവിച്ചു. ഇതോടെ കുഞ്ഞിനെ നോക്കാന്‍ വേണ്ടി രാജമ്മയുടെ പഠനം അവസാനിപ്പിച്ചു. അക്കാലത്ത് നന്തന്‍കോട് ആമത്തറ ഭാഗത്തെ ദലിതര്‍ സംഘടിച്ച് ചേരമര്‍ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. രാജമ്മ വളര്‍ന്നപ്പോള്‍ ഈ സമിതിയിലെ നടിയായി ചേര്‍ന്നു. അങ്ങനെ കാക്കാരശി നാടകത്തില്‍ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീ എന്ന ബഹുമതിയും രാജമ്മക്ക് സ്വന്തമായി.
അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങളായിരുന്നു. എന്നാല്‍ രാജമ്മ മറ്റൊരു നാടകത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് വലിയ പ്രശ്നങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് ഇവര്‍ ആറന്നൂരിലും അവിടെനിന്ന് തൈക്കാട്ട് ആശുപത്രിക്ക് സമീപമുള്ള പുറമ്പോക്കിലേക്കും താമസംമാറി. ഉപജീവനത്തിനായി പുല്ല് ചെത്തി വില്‍ക്കും. അക്കാലത്താണ് ( 1927-28 ) വിഗതകുമാരനില്‍ അഭിനയിക്കാന്‍ പറ്റിയ ഒരു നായികയെ ജെ.സി ഡാനിയല്‍ അന്വേഷിച്ചു നടക്കുന്നത്. സുഹൃത്തായ ജോണ്‍സണ്‍ ആണ് രാജമ്മയെ ഡാനിയലിന് പരിചയപ്പെടുത്തുന്നത്. അങ്ങനെ ട്രാവന്‍കൂര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച വിഗതകുമാരനില്‍ രാജമ്മ നായികയായി അഭിനയിച്ചു.
സിനിമാഭിനയത്തോടെ രാജമ്മയെ റോസി എന്ന പേരില്‍ ഡാനിയല്‍ പുനര്‍നാമകരണം ചെയ്തു. 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്കുണ്ടായിരുന്നത്. 5 രൂപ നിരക്കില്‍ 10 ദിവസത്തെ അഭിനയത്തിന് 50 രൂപയും മുണ്ടും, നേര്യതുമാണ് റോസിക്ക് പ്രതിഫലമായി നല്‍കിയത്. കൂടാതെ അഭിനയിക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഡാനിയല്‍ റോസിക്ക് നല്‍കി. 1928 മേയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം 1928 നവംബര്‍ 7ന് തിരുവനന്തപുരം സ്റ്റാച്ച്യു ജംക്ഷനിലുള്ള ക്യാപ്പിറ്റോള്‍ ടെന്റ് തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം നടത്തി. അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂര്‍ എസ്. ഗോവിന്ദപ്പിള്ളയാണ് പ്രഥമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദലിതയായ റോസി പ്രദര്‍ശനം കാണാന്‍ വന്നാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയല്‍ റോസിയെ ചിത്രം കാണാന്‍ ക്ഷണിച്ചിരുന്നില്ല.
എന്നാല്‍ സിനിമയില്‍ റോസിയുടെ കഥാപാത്രം വന്നതോടെ ഡാനിയല്‍ ഭയപ്പെട്ടത് സംഭവിച്ചു. ദലിത് സ്ത്രീ അഭിനയിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കാണികള്‍ അക്രമാസക്തരായി. ശക്തമായ കല്ലേറുമൂലം സ്‌ക്രീന്‍ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദര്‍ശനവും അവസാനിച്ചു. ഡാനിയല്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടുന്നിങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു. ദലിത് സ്ത്രീ സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ റോസിയുടെ ജീവനും, സ്വത്തിനും ഭീഷണിയുണ്ടായി. 1928 നവംബര്‍ 10ന്, മാടമ്പി ഗുണ്ടകള്‍ സംഘടിച്ചെത്തി റോസിയുടെ കുടിലിന് തീയിട്ടു. ജീവന്‍ രക്ഷിക്കാനായി റോസിയും കുടുംബവും ചിതറി ഓടി. ഓട്ടത്തിനിടയില്‍ റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞു കൊണ്ട് റോസി ഓടിക്കയറി.
ലോറി ഡ്രൈവറായിരുന്ന നാഗര്‍കോവില്‍ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിച്ചു. എന്നാല്‍ ദലിതയെ വിവാഹം കഴിച്ചതിനാല്‍ കേശവപിള്ളയേയും റോസിയേയും വീട്ടുകാര്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവില്‍ വാടകവീടെടുത്ത് അവര്‍ ജീവിതമാരംഭിച്ചു. എന്നാല്‍ അതോടൊപ്പം റോസി രാജാമ്മാളായി പുനര്‍ജനിച്ചു. ദലിത് ജന്മം തുടര്‍ ജീവിതത്തിന് തടസമാകും എന്നതിനാല്‍ കേശവപിള്ളയാണ് റോസിയെ രാജാമ്മാള്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക