കാസർകോട് അസോസിയേഷന്‍ കുവൈത്തിന്‍റെ വാർഷിക ആഘോഷം മാർച്ച് 1ന്

കുവൈത്ത് സിറ്റി ∙ കാസർകോട് അസോസിയേഷന്‍റെ പത്തൊമ്പതാം വാർഷിക പരിപാടിയായ ‘കാസ്രഗോഡ് ഉത്സവ് 2024’ മാർച്ച് 1 ന്  ഉച്ചയ്ക്ക് 2 മണിമുതല്‍ 8 മണിവരെ അബ്ബാസിയ ആസ്പെയർ  ഇന്ത്യന്‍ ഇന്‍റർ നാഷനല്‍ സ്കൂളില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗായകരായ ദീപക് നായർ, ഇമ്രാന്‍ ഖാന്‍, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്‍റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും പരിപാടിയില്‍ പങ്കെടുക്കും.19 വർഷമായി നടത്തിവരുന്ന കാസർകോട് ഉത്സവിന്‍റെ ഭാഗമായി ചിത്രരചനാ മത്സരം, ഫാഷന്‍ ഷോ, മൈലാഞ്ചിയിടല്‍ മത്സരം, ഡബ്സ്മാഷ്, കേക്ക് മേക്കിങ് മത്സരം എന്നിവയും നടക്കും.

കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസർകോട് അസോസിയേഷന്‍ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി ഫാമിലി ബെനിഫിറ്റ് സ്കീം, സംഘടനയില്‍ അംഗമായ ആള്‍ മരണിച്ചാൽ അവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം, രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് 50 ദിനാർ ധനസഹായം നല്‍കുന്ന വെല്‍ഫെയർ പദ്ധതി, സംഘടനാംഗങ്ങളുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവർക്ക് കെഇഎ എജ്യുക്കേഷന്‍ സ്കോളർഷിപ്പ്. സംഘടനയുടെ മുന്‍ മുഖ്യ രക്ഷാധിക്കാരിയിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥം നാട്ടില്‍  കുടിവെള്ള പദ്ധതി തുടങ്ങി. ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തി വരുന്നതായും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാമകൃഷ്ണന്‍ കള്ളാർ (പ്രസിഡന്‍റ് ), ഹമീദ് മധൂർ (ജനറൽ സെക്രട്ടറി), മുസ്തഫ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പ് ), ഫൈസല്‍ സി എച്ച്  (ഓർഗനൈസിങ് സെക്രട്ടറി), മുഹമ്മദ്’ കുഞ്ഞി, സലാം കളനാട്, സുരേന്ദ്രൻ മുങ്ങത്ത്, ശ്രീനിവാസന്‍, റഫീഖ് ഒളവറ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ