തൃശ്ശൂർ: ജില്ലയിലെ പല ഡോക്ടർമാരുടെ വാട്സ്ആപ് നമ്പറുകളിലേക്ക് വ്യാജ സന്ദേശങ്ങളുടെ കുത്തൊഴുക്ക്. ‘ഞങ്ങളുടെ സൈനിക ക്യാമ്പിലെ 35 പേർക്ക് മെഡിക്കൽ പരിശോധന ആവശ്യമുണ്ട് ഡോക്ടറുടെ ഫീസ് മുൻകൂറായി അടക്കാൻ തയ്യാറാണ് അക്കൗണ്ട് വിവരങ്ങൾ അയച്ചു തരൂ’. ഇത്തരത്തിൽ ആണ് വ്യാജ സന്ദേശം പ്രഹരിക്കുന്നത്.
വാട്സ്ആപ്പ് ഡിപി ആയി സൈനിക വേഷം അണിഞ്ഞ ഓഫീസറുടെ ചിത്രം കൂടി കാണുമ്പോൾ വിശ്വസനീയമെന്ന് കരുതി പ്രതികരിച്ച പലർക്കും അക്കൗണ്ടിലെ പണം നഷ്ടമാവുകയും ചെയ്തു. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതികളിലൊന്നാണിതെന്നാണ് സൈബർ സെൽ പറയുന്നത്.
വീഡിയോ കോളിലൂടെയോ വാട്സ്ആപ്പ് വോയിസ് കോളിലൂടെയോ ആകും തട്ടിപ്പുകാർ ഡോക്ടർമാരുടെ നമ്പറുകളിലേക്ക് ബന്ധപ്പെടുക. ഓൺലൈൻ ഡയറക്ടറിയിൽ നിന്നാകും സംഘം നമ്പറുകൾ തരപ്പെടുത്തുന്നത്.
തന്റെ ക്യാമ്പിൽ ഒരു വലിയ സംഘം സൈനികർക്ക് വേണ്ടി വൈദ്യ പരിശോധനയും വിവിധ ടെസ്റ്റുകളും നടത്തണമെന്ന് ആവശ്യവുമായ ഇവർ വിളിക്കുക ഫീസിനത്തിൽ അമ്പതിനായിരംമുതൽ ഒരു ലക്ഷംരൂപ വരെ മുൻകൂറായി നൽകാമെന്ന് വാഗ്ദാനം ചെയ്യും.
പണം അയക്കാൻ അക്കൗണ്ട് വിശദാംശങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു ഒരു ലിങ്കും അയച്ചു നൽകും. സൈനിക ഓഫീസറുടെ വേഷത്തിൽ വീഡിയോ കോൾ ചെയ്യുന്നതിനാൽ പലരും സംശയിക്കുകയും ഇല്ല. ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്ന ഡോക്ടർമാരുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടുകയാണ് പതിവ്. ഇതോടെ തട്ടിപ്പുകാരുടെ ഫോൺ നമ്പർ പ്രവർത്തനരഹിതമാവുകയും ചെയ്യും. ജില്ലയിൽ നടന്നുവരുന്ന സമാന തട്ടിപ്പ് രാജ്യത്ത് പലയിടത്തും വ്യാപകമായതായി റിപ്പോർട്ടുകളുണ്ട്.