ദുബായ് ∙ ദുബായ് ആസ്ഥാനമായ പാർക്കിങ് സ്പേസ് ഓപ്പറേറ്റർ പാർക്കിനിൽ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വിൽപന) വിപണിയിലെത്തുക. സബ്സ്ക്രിപ്ഷനുകൾ മാർച്ച് 5 മുതൽ മാർച്ച് 12 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. പാർക്കിൻ ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സാലിക്കിനും ദുബായ് ടാക്സി കമ്പനിക്കും ശേഷം ആർടിഎയിൽ (റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) നിന്നും ലിസിറ്റിങ് നടത്തുന്ന സ്ഥാപനമാണ് പാർക്കിൻ.
റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വിൽക്കുക. 5,000 ദിർഹമാണ് ഒരു ലോട്ടിനുള്ള വില. ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികം പാർക്കിനിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓൺ-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്. കഴിഞ്ഞ വർഷം 779.4 ദശലക്ഷം ദിർഹമായിരുന്നു വരുമാനം.
നഗരത്തിലെ 85 ലൊക്കേഷനുകളിലായി 175,000 പാർക്കിങ് സ്ഥലങ്ങളും ഒൻപത് എംഎസ്സിപികളിൽ (മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ) 4,000ത്തോളം സ്ഥലങ്ങളും ഡവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥലങ്ങളിലായി ഏകദേശം 18,000 ഇടങ്ങളിലും പാർക്കിൻ പ്രവർത്തിക്കുന്നു.
∙ നഗരം വികസിക്കുമ്പോൾ പാർക്കിനും സാധ്യതകൾ
നഗര ആസൂത്രണത്തിന്റെ ഭാഗമായി ദുബായിൽ പുതിയ താമസ, വാണിജ്യ ഹോട്ട്സ്പോട്ടുകളുണ്ടാകുകയാണ്. നഗരം വളരുന്നതോടെ അവിടെയെല്ലാം പാർക്കിനിനും സാധ്യതകളുണ്ട്. ഇത് ദീർഘകാല വരുമാന വർധവിന് സാഹചര്യം ഒരുക്കും.
∙ആർടിഎയുമായി ഇളവ് കരാർ
പാർക്കിന്റെ പ്രാഥമിക മൂലധനം ആർടിഎയുമായുള്ള കൺസഷൻ കരാറാണ്. അതുവഴി ദുബായിൽ നിലവിലും ഭാവിയിലും പണമടച്ചുള്ള എല്ലാ പാർക്കിങ് സൗകര്യങ്ങളും പ്രവർത്തിപ്പിക്കാനുള്ള അവകാശം പാർക്കിന് ഉണ്ടായിരിക്കും. ഈ കരാർ ദീർഘകാലത്തേക്കുള്ളതാണ്. കൂടാതെ പണപ്പെരുപ്പം നികത്താനുള്ള താരിഫ് ഉയർത്തൽ സംവിധാനവും ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ