ഷാർജ ∙ കാസർകോട് ജില്ലയിലെ എല്ലാ എംഎൽഎമാരെയും എംപിയെയും പങ്കെടുപ്പിച്ചു കെസെഫ് നടത്തിയ ഉത്തരോത്സവത്തിൽ ജില്ലയുടെ വികസന പിന്നാക്കാവസ്ഥ സജീവ ചർച്ചയായി. ഏതൊക്കെ മേഖലയിൽ പുരോഗതി പ്രാപിക്കേണ്ടതുണ്ടെന്നു വർഷങ്ങൾക്കു മുൻപ് അക്കമിട്ടു നിരത്തിയ പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ ഒരു നിർദേശവും നടപ്പാക്കപ്പെട്ടില്ലെന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാസർകോട് മികച്ച ചികിത്സ സൗകര്യം ഇല്ലാത്തതിനാൽ മംഗളൂരുവിലേക്കുള്ള വഴി മധ്യേ കോവിഡ് കാലത്തു ഒട്ടേറെ പേർ മരിച്ചതായി എംഎൽഎമാർ ചൂണ്ടിക്കാട്ടി. കർണാടക അതിർത്തി അടച്ചതായിരുന്നു മറ്റൊരു പ്രധാന പ്രശ്നം.കാസർകോട് റഫറൽ ആശുപത്രികൾ മാത്രമേയുള്ളു. ട്രോമകെയർ ആശുപത്രി ഒരെണ്ണം പോലുമില്ല. ഇതിനൊക്കെ പരിഹാരം കാണേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. എ. കെ. എം. അഷ്റഫ്, എൻ .എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, അഡ്വ സി. എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നീ എംഎൽഎമാരാണ് പങ്കെടുത്തത് . കെസെഫ് ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
കാസർകോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കേണ്ട പദ്ധതികൾ വിശദീകരിച്ചു കെസെഫ് കെ. എം. അബ്ബാസ് ജനപ്രതിനിധികൾക്ക് നിവേദനം നൽകി. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ കാസർകോട് താരതമ്യേന കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കാസർകോട് നിന്ന് തെക്കു – വടക്ക് ഭാഗത്തേക്ക് മതിയായ ട്രെയിനുകളില്ല. പകൽ നേരങ്ങളിൽ തിരുവനന്തപുരം ഭാഗത്തേക്ക് മണിക്കൂറുകളോളം കാത്തിരുന്നാലേ ട്രെയിൻ ലഭിക്കൂ. കാസർകോട് നിന്ന് ഒരു വന്ദേഭാരത് മാത്രം. രാവിലെയും വൈകുന്നേരങ്ങളിലും സാധാരണ ട്രെയിനുകളിൽ കനത്ത തിരക്കാണ്. സ്ഥിരം യാത്രക്കാർ പോലും പലപ്പോഴും ശ്വാസം മുട്ടി തലകറങ്ങി വീണ വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു . പുതുതായി ആരംഭിച്ച മംഗളൂരു – ഗോവ വന്ദേ ഭാരത് കോഴിക്കോട് വരെ നീട്ടിയാൽ അൽപം ആശ്വാസമാകും . സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ, ട്രഷറർ ഹനീഫ, യഹ്യ തളങ്കര, ബി. എ. മഹ്മൂദ്, നാരായണൻ നായർ, ഷൗക്കത്ത് പൂച്ചക്കാട് തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ