തൃശ്ശൂർ:സിപിഎംനിയന്ത്രണത്തിൽ ഉള്ള മൂസ്പെറ്റ് സർവീസ് സഹകരണ ബാങ്കിൽ 11 വർഷം മുൻപു നടന്ന ക്രമക്കേടിലൽ 11.59 കോടി രൂപ ഭരണ സമിതി അംഗങ്ങളായ പ്രാദേശിക നേതാക്കളിൽ നിന്നും ക്രമക്കേടിന് കൂട്ടുനിന്ന സെക്രട്ടറി യിൽ നിന്നുമായി
ഈടാക്കാൻ ഉത്തരവായി.
സിപിഎം, സിപിഐ, ജനതാദൾ തുടങ്ങിയ പ്രാദേശിക നേതാക്കളായിരുന്നു ക്രമക്കേട് നടത്തിയത്. സഹകരണ ജോയിന്റ് റജിസ്ട്രാർ നേരത്തെ ഇക്കാര്യം നിർദേശിച്ചിരുന്നു. പ്രതികൾ നൽകിയ അപ്പീൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി തള്ളി തുക ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. തുക നൽകേണ്ടത് പ്രതികളുടെ വ്യക്തിഗത സ്വത്തിൽനിന്നാണെന്നും . ബാങ്കിന് ഇതിന്റെ ബാധ്യത ഇല്ല എന്നും വ്യക്തമാക്കി.
ഓഡിറ്റ് റിപ്പോർട്ടു പ്രകാരം ബാങ്ക് ഇപ്പോൾ സുരക്ഷിതമാണ്.
തൃശൂർ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ 2023 മാർച്ച് എട്ടിനു പുറപ്പെടുവിച്ച ഉത്തരവു നിലനിൽക്കുമെന്നു സെക്രട്ടറി വ്യക്തമാക്കി. 2013 മുതൽ 18 വരെ ഭരണസമിതി അംഗങ്ങളായിരുന്ന 18 പേരിൽ നിന്നാണു നഷ്ടം ഈടാക്കേണ്ടത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി.ഫ്രാൻസിസ്, ടി.ജി.അനിൽകുമാർ, കെ.ഡി.ജോഷി എന്നിവരെ ക്രമക്കേടിന്റെ പേരിൽ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു.
ഓരോരുത്തരിൽനിന്നും ഈടാക്കുന്ന തുക ഇങ്ങനെ:
കെ.വി.ഫ്രാൻസിസ് (മുൻ പ്രസിഡന്റ്) 1.04 കോടി, ടി.ജി.അനിൽകുമാർ–1.04 കോടി, എം കെ.അനൂപ് –92 ലക്ഷം, ബിന്ദു ജോസഫ്–1.02 കോടി, കെ ഡി ജോഷി- 1.02 കോടി, പരേതനായ സി.എസ്.റോയ്- 70 ലക്ഷം, ടി.കെ.സുരേന്ദ്രൻ– 53 ലക്ഷം, വിജിത ജീവൻ– 1.04 കോടി (എല്ലാവരും സിപിഎം), ജോളി ഏബ്രഹാം –1,04 കോടി, സുനിൽകുമാർ- 99 ലക്ഷം (ഇരുവരും സിപിഐ) സി.പി.റോയ്– 98 ലക്ഷം (ജനതാദൾ)
ബാങ്കിന്റെ മുൻ സെക്രട്ടറി കെ.പി.ഇറ്റ്യാനത്തിൽ നിന്ന് 1.03 കോടി രൂപയും ഈടാക്കും. 2008 -2013 കാലത്തു ഭരണസമിതി അംഗങ്ങളായിരുന്ന സിപിഐയിലെ എൻ.എ.മോഹൻ, പി.ജി.വാസുദേവൻ, സിപിഎമ്മിലെ ടി.എം.റോയ്, അജിത ബാബു, ജനതാദളിലെ പി.എൽ. ഫ്രാൻസിസ്, മുൻ ബാങ്ക് സെക്രട്ടറി ആനീസ് തൈക്കാട്ടിൽ എന്നിവർ 3 ലക്ഷം രൂപ വീതവും നൽകണം. ഇവരിൽ പലരും മരിച്ചതിനാൽ ബാധ്യത കുടുംബത്തിന്റെ പേരിലാകും.
അതിർത്തിക്കപ്പുറം വായ്പകൾ
മൂസ്പെറ്റിൽ നിന്ന് ഒരു കോടി രൂപ ബാങ്കിന്റെ പരിധിയിലെ പ്രദേശമല്ലാത്ത ചാലക്കുടി വരെ കൊടുത്തിട്ടുണ്ട്. കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ അതേ വസ്തു വച്ചാണു ഒരു കോടി കൊടുത്തത്. ആദ്യ വായ്പയിൽ ഒരു പൈസ പോലും തിരിച്ചടയ്ക്കാതിരുന്നിട്ടും ഇവർക്കു രണ്ടാമതും ഇതേ വസ്തു പണയത്തിൽ വായ്പ നൽകിയതിനു പിന്നിൽ പ്രമുഖ നേതാക്കളാണെന്ന ആരോപണമുണ്ടായിരുന്നു.