യൂസഫ് അരിയന്നൂർ
തൃശ്ശൂർ: ഗുരുവായൂർ -കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മരണപാച്ചിൽ. സ്വകാര്യ ബസ്സുകൾ ലക്കും ലഗാനുമില്ലാതെ റോഡിലൂടെ ചീറിപ്പായുമ്പോൾ നഗരം അപകട മേഖലയാവുകയാണ്. ബസ്സുകളുടെ മത്സര ഓട്ടത്തിൽ പലപ്പോഴും ബലിയാടാവുന്നത് കാൽനടയാത്രക്കാരാണ്. കഴിഞ്ഞ ദിവസം രാത്രി 9.30ന് പതിവ് നടത്തത്തിനായി ഇറങ്ങിയ അൻസാർ എന്ന യുവാവാണ് ഒടുവിലത്തെ ഇര.
മൂന്ന് ട്രാക്കുകളിൽ ഒരു ട്രാക്ക് ചെറു വാഹനങ്ങൾക്കായി നീക്കി വെച്ചിരുന്നെങ്കിലും ആ പ്രത്യേക ട്രാക്ക് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇപ്പോൾ ഇല്ല. സ്വകാര്യ ബസ്സുകളുടെ തള്ളിക്കയറ്റം മൂലം ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും എന്നും ഭീഷണിയാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഉച്ചത്തിലുള്ള ഹോൺ മുഴക്കിയും ആണ് ഭൂരിഭാഗം സ്വകാര്യ ബസ്സുകൾ നഗരത്തിൽ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നത്.
നായ്ക്കനാലിൽ സിഗ്നൽ കണ്ടു നിർത്തിയ സ്കൂട്ടറിന്റെ പിന്നിൽ ബസ് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം മുമ്പ് വലിയ വാർത്തയായിരുന്നു. രണ്ടുമാസം മുമ്പ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റൗണ്ടിൽ ബസ് കയറി കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുൻപും സ്വകാര്യ ബസ് ഇടിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്.
നഗരത്തിൽ നിരവധി ക്യാമറകൾ ഉണ്ടായിട്ടും പോലീസ് വാഹനങ്ങൾ റോന്ത് ചുറ്റിയിട്ടും അപകടങ്ങൾ കുറയുന്നില്ല എന്നതാണ് വാസ്തവം.