അബുദാബി ∙ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തി കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ 50 ലക്ഷം ഡോളറിന്റെ ഫണ്ട് അനുവദിച്ചു. ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആഗോള വനിതാ സംരംഭകരുടെയും സ്ത്രീകൾ നയിക്കുന്ന വ്യവസായങ്ങളുടെയും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയാണ് വിമൻ എക്സ്പോർട്ടേഴ്സ് ഇൻ ഡിജിറ്റൽ ഇക്കോണമി ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. വികസ്വര രാജ്യങ്ങളിലെ സ്ത്രീ സംരംഭകരെ ശാക്തീകരിക്കുന്നതിന് ഡബ്ല്യുടിഒയുടെ 5 കോടി ഡോളറിന്റെ പദ്ധതിയിലേക്കാണ് യുഎഇ 50 ലക്ഷം ഡോളർ നൽകിയത്. പുതിയ ഫണ്ട് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമ്പത്തിക തടസ്സങ്ങൾ മറികടക്കാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും വനിതാ കയറ്റുമതിക്കാരെ സഹായിക്കുന്നു.
വനിതാ സംരംഭകർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്. ഡബ്ല്യുടിഒയെ പിന്തുണയ്ക്കാൻ യുഎഇ ഒരു കോടി ഡോളർ ഗ്രാന്റ് നൽകുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ