റാസൽഖൈമ ∙ ഗതാഗത നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് റാസൽഖൈമ. മാർച്ച് ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ നിയമം അനുസരിച്ച് ഗുരുതര നിയമലംഘകർക്ക് 20,000 ദിർഹം വരെ (4.5 ലക്ഷം രൂപ) പിഴയീടാക്കും. വാഹനവും പിടിച്ചെടുക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും സമാന ശിക്ഷ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. ഏത് എമിറേറ്റിലായാലും അപകടത്തിന്റെ ഗൗരവം അനുസരിച്ച് വാഹനം പിടിച്ചെടുക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം യുഎഇയിൽ 2022 മുതൽ ഉണ്ടായ 3000 അപകടങ്ങളിലായി 343 പേർ മരിക്കുകയും 5045 പേർക്കു പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കുന്നതെന്ന് റാസൽഖൈമ പൊലീസ് മേധാവി മേജർ ജനറൽ അലി അൽ നുഐമി പറഞ്ഞു.
കുറ്റവും ശിക്ഷയും
∙ നമ്പർ പ്ലേറ്റില്ലാത്തതോ കേടായ നമ്പർ പ്ലേറ്റുമായോ വാഹനം ഓടിച്ചാൽ 20,000 ദിർഹം പിഴ. 120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ റോഡിൽ മത്സരയോട്ടം നടത്തിയാൽ 10,000 ദിർഹം. 90 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ അനുമതിയില്ലാതെ റോഡിൽ പരേഡ് നടത്തിയാൽ 10,000 ദിർഹം. 15–120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ ജീവന് ഭീഷണിയാകുംവിധം റോഡിൽ സംഘർഷമുണ്ടാക്കിയാൽ 10,000 ദിർഹം. 120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കിയാൽ 5,000 ദിർഹം. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ ക്വാഡ് ബൈക്കുമായി റോഡിലിറങ്ങിയാൽ 3,000 ദിർഹം. 90 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ അന്തരീക്ഷ മലിനീകരണമുണ്ടാക്കിയാൽ 3,000 ദിർഹം. 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
∙ ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടി.
നിലവിലെ പിഴയ്ക്കു പുറമെയാണ് പുതിയ പിഴ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ