കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. കേസിലെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെയും ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയുക. ഇന്നലെ പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു.
ഇന്ന് രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ കേട്ടശേഷമാകും കോടതി വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോർട്ട്.
കേസിലെ പ്രതികളായ ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയും ഇന്ന് വിധിച്ചേക്കും. കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. പ്രതി ജ്യോതി ബാബു ഓണ്‍ലൈന്‍ ആയിട്ടാണ് ഹാജരായത്. നിരപരാധിയാണെന്നും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
Read more ….