യൂസഫ് അരിയന്നൂർ
പാവറട്ടി:(തൃശ്ശൂർ) മുല്ലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട തിരുനല്ലൂരിലെ ജനങ്ങൾക്ക് കുടിവെള്ളം കിട്ടിയിട്ട് ഒരു മാസത്തിലേറെയായി. തീരമേഖലയായ ഇവിടെ ഉപ്പിന്റെ ആധിക്യം ഉള്ളതിനാൽ പൈപ്പ് വെള്ളമാണ് ഏക ആശ്രയം.എന്നാൽ ഇപ്പോൾ പൈപ്പിൽ വെള്ളം വന്നിട്ട് ഒരു മാസത്തിനു മുകളിലായി.
ഈ പ്രദേശത്തെ 15 ഓളം കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ദുരിതമനുഭവിക്കുന്നത്. 2005 -2010 കാലഘട്ടത്തിൽ സ്ഥാപിച്ച തിരുനെല്ലൂർ തീരദേശ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ഈ പ്രദേശത്ത് വെള്ളം വിതരണം ചെയ്തിരുന്നത്. എന്നാൽ പതിനഞ്ചാം വാർഡിനെയും പദ്ധതിയിൽ ഉൾപെടുത്തിയതിന് ശേഷമാണ് വെള്ളം ലഭിക്കാതായതെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്.
വേനൽ കടുത്തതോടെ കിണറുകൾ എല്ലാം വറ്റിയ നിലയിലാണ്. ഉള്ള വെള്ളത്തിൽ ഉപ്പ് കൂടുതലുമാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം കൊടുത്തുവെങ്കിലും പഞ്ചായത്ത് ഭരണസമിതിയോ വാർഡ് മെമ്പറോ തിരിഞ്ഞു പോലും നോക്കുന്നില്ല എന്നാണ് ജനങ്ങളുടെ ആക്ഷേപം. മുൻ പഞ്ചായത്തംഗം എൽ സി തോമസിന്റെ നേതൃത്വത്തിൽ കാലികുടങ്ങളുമായി പൈപ്പിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്തതെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സൈത് മുഹമ്മദ് കുറ്റപ്പെടുത്തി.
പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കാലികുടങ്ങളുമായി ചെന്ന് പഞ്ചായത്ത് ഭരണസമിതി ഓഫീസിലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞു.