അൽഅഹ്സ ∙ രോഗം ബാധിച്ചു ദുരിതത്തിലായ തിരുവനന്തപുരം കള്ളിയോട് സ്വദേശി അലിയാർ കുഞ്ഞ് ബഷീറിന് തുണയായി അൽഅഹ്സ ഒഐസിസി. രണ്ട് പതിറ്റാണ്ടോളം സ്പോൺസറുടെ കീഴിൽ ഹോട്ടൽ ജോലി ചെയ്ത ബഷീറിന്, സ്ഥാപനം മറ്റൊരാൾക്ക് വിറ്റത് കാരണം ജോലി നഷ്ടപ്പെടുകയായിരുന്നു. മൂന്ന് വർഷം ഒളിച്ച് വിവിധ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി ചെയ്തുവരുന്നതിനിടെ താമസരേഖ സ്പോൺസർ പുതുക്കാതായതോടെ ദുരിതത്തിലായി.
പ്രവാസി സുഹൃത്തുക്കളുടെ സഹായത്താൽ രണ്ടു വർഷം തള്ളിനീക്കി. പ്രായാധിക്യത്താൽ അവശനും, ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ബഷീർ നാട്ടിലെത്താനായി സുഹൃത്ത് അജീബ് മുഖാന്തിരം ഒഐസിസിയുടെ സഹായം തേടുകയായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി വിഷയത്തിലിടപെടുകയും ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്തു. പ്രസാദ് കരുനാഗപ്പള്ളി, കെ.പി. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡൻറ് നവാസ് കൊല്ലം അലിയാർ കുഞ്ഞ് ബഷീറിന് യാത്രാരേഖകൾ കൈമാറി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ