അബുദാബി ∙ ഇസ്രയേൽ-ഗാസ യുദ്ധത്തിൽ പരുക്കേറ്റ പലസ്തീൻകാർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് യുഎഇ അയച്ച ഒഴുകുന്ന ആശുപത്രിയിൽ (ഫ്ലോട്ടിങ് ഹോസ്പിറ്റൽ) ചികിത്സ ആരംഭിച്ചു. ആശുപത്രിയാക്കി പുനർനിർമിച്ച കപ്പൽ അൽ അരിഷ് തീരത്ത് നങ്കൂരമിട്ടാണ് രോഗികളെ ചികിത്സിക്കുന്നത്. 100 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള കപ്പലിൽ 100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമുണ്ട്.
ഓപ്പറേഷൻ തിയറ്റർ, തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ തുടങ്ങി സർവ സജ്ജമാണ് ഒഴുകുന്ന ആശുപത്രി. അനസ്തീഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, നഴ്സിങ്, എമർജൻസി കെയർ എന്നിവ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളുണ്ട്.
രോഗികളെ കപ്പലിലേക്കും തിരിച്ചും എത്തിക്കുന്നതിന് വിമാനം, ബോട്ട്, എയർ–ജല ആംബുലൻസ് എന്നിവയുമുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പിന്റെയും അബുദാബി തുറമുഖ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെയാണ് ‘ആശുപത്രിക്കപ്പൽ’ ഒരുക്കിയത്. ഗാസയിലെ ജനങ്ങൾക്കായി ഗ്യാലന്റ് നൈറ്റ്–3 എന്ന പേരിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ യുഎഇ നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ