ദുബായ് ∙ ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണവും വിദേശ സർവകലാശാലകൾക്ക് അവസരം നൽകുന്നതും കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്ന് മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ. നേരത്തേ ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ തന്നെ കയ്യേറ്റം ചെയ്തവർ ഇപ്പോൾ മാപ്പു പറയുമെന്നോ തെറ്റുതിരുത്തുമെന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടെ അന്നത്തെ നിലപാട് ഇപ്പോൾ മാറി. ഏതൊരു പദ്ധതി വരുമ്പോഴും രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതിനെ വ്യക്തിപരമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ഉദാരവൽക്കരണ നയം ഉമ്മൻ ചാണ്ടിയുടേതായിരുന്നു. അദ്ദേഹമാണ് നമ്മുടെ കുട്ടികൾക്ക് ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിച്ചത്. ലോകം കണ്ടതിന്റെ പ്രായോഗിക അറിവിലാണ് ആ തീരുമാനം എടുത്തത്. കേരളത്തിലെ വിദ്യാഭ്യാസം ലോക നിലവാരത്തിലാക്കണമെന്ന ഒറ്റ വാചകത്തിലുള്ള നിർദേശമാണ് അന്ന് ഉമ്മൻ ചാണ്ടി തന്നത്. അതനുസരിച്ചുള്ള 16 റിപ്പോർട്ടുകളാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യാഥാർഥ്യമായത് 20 സ്വയം ഭരണ കോളജുകൾ മാത്രമാണ്. അവയാണ് ഇന്നു കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ‘ഞങ്ങളുടെ റിപ്പോർട്ടിൽ വിദേശ സർവകലാശാലയെ പറ്റി പറഞ്ഞിരുന്നില്ല, അവർ തെറ്റിദ്ധരിച്ചതാണ്. വിദേശ സർവകലാശാല കൊണ്ടുവരുന്നത് കേരളത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച വിദേശ സർവകലാശാലയെക്കുറിച്ച് പുനർ വിചിന്തനം നടത്തുകയാണ്. വിദേശ സർവകലാശാല ഉടൻ വരുമെന്ന് തോന്നുന്നില്ല. ഞങ്ങൾ പറഞ്ഞത് സ്വകാര്യ സർവകലാശാലയെക്കുറിച്ചാണ്. നമ്മുടെ കുട്ടികൾ പുറത്തേക്കു പോകുന്നതു തടയുമെന്നും കേരളം വിദേശ വിദ്യാർഥികളുടെ ഹബ് ആകുമെന്നും പറയുന്നത് യാഥാർഥ്യബോധത്തോടെയുള്ള പ്രഖ്യാപനങ്ങളല്ല’ – അദ്ദേഹം പറഞ്ഞു.
കുറച്ച് ഇറാനിയൻ കുട്ടികളും ആഫ്രിക്കൻ കുട്ടികളുമാണ് ഇപ്പോൾ കേരളത്തിൽ പഠിക്കുന്നത്. ആദ്യം മലയാളം പഠിച്ചാൽ മാത്രമേ കേരളത്തിലെ കോളജിൽ പഠിക്കാൻ കഴിയൂവെന്നാണ് അവർ പറയുന്നത്. കാരണം, നമ്മുടെ കോളജുകളിൽ മലയാളത്തിലാണ് പഠിപ്പിക്കുന്നത്, ഇംഗ്ലിഷിൽ പഠിപ്പിച്ചാൽ കുട്ടികൾക്ക് മനസ്സിലാകുന്നില്ലെന്ന് അധ്യാപകരും പറയുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പ്രഖ്യാപനങ്ങളൊക്കെ യാഥാർഥ്യബോധമില്ലാത്ത സ്വപ്നങ്ങളാണ്. നമ്മുടെ കുട്ടികൾ വിദേശത്തു പഠിക്കാൻ പോയാൽ എന്താണ് തെറ്റ്? മലയാളികൾ വിദേശത്തു പോയതിൽ നിന്നല്ലേ നമ്മുടെ നേട്ടങ്ങളെല്ലാം സാധ്യമായത്. ഒരു വിഭാഗം കുട്ടികൾക്ക് ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുമ്പോൾ കേരളത്തിലെ കുട്ടികൾക്കു പാടില്ലെന്നു പറയുന്നത് ശരിയല്ല. അങ്ങനെ നിയമം മൂലം കുട്ടികളുടെ പോക്ക് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ