മസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി അവസാനിച്ചു. ഇനി നറുക്കെടുപ്പിലൂടെയാണ് കുട്ടികൾക്ക് പ്രവേശനം നൽകുക. ഈ വർഷം പൊതുവേ അപേക്ഷകർ കുറവാണെന്നാണ് അറിയുന്നത്. പ്രവേശനം മന്ദഗതിയിലായതിനാൽ വീണ്ടും അപേക്ഷകൾ നൽകാൻ അവസരമൊരുക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം കെ.ജി ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലായി നാലായിരത്തിന് മുകളിൽ അപേക്ഷകളാണ് ലഭിച്ചിരുന്നത്. നിലവിലുള്ള സാഹചര്യത്തിൽ സീറ്റിനെക്കാൾ കൂടുതൽ അപേക്ഷകരുള്ള സ്കൂളുകളിലാണ് നറുക്കെടുപ്പ് വേണ്ടിവരുക. ഇതനുസരിച്ച് ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നറുക്കെടുപ്പ് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരിയിലെ രണ്ട് അന്താരാഷ്ട്ര സ്കൂളുകൾ അടക്കം ഒമ്പത് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകളാണ് കഴിഞ്ഞ മാസം 21 മുതൽ ഓൺലൈനായി സ്വീകരിക്കാൻ തുടങ്ങിയത്.
ബൗഷർ, മസ്കത്ത്, ദാർസൈത്ത്, വാദീ കബീർ, ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കും അൽ ഗൂബ്ര, വാദീ കബീർ എന്നീ അന്താരാഷ്ട്ര സ്കൂളിലുമാണ് പ്രവേശന നടപടികൾ നടന്നത്. കെ.ജി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള അപേക്ഷകളാണ് സ്വീകരിച്ചത്. ഏഴ് ഇന്ത്യൻ സ്കൂളുകളിലായി 5874 ഒഴിവുകളാണ് ഉണ്ടായിരുന്നത്. വാർഷിക പരീക്ഷ കഴിയുന്നതോടെ ഒഴിവുകൾ ഇനിയും വർധിക്കാനാണ് സാധ്യത. വാർഷിക പരീക്ഷ കഴിയുന്നതോടെയാണ് നാട്ടിലും മറ്റും ചേക്കേറാൻ ഉദ്ദേശിക്കുന്നവർ ടി.സി വാങ്ങി പോവുന്നത്.
ഏറ്റവും കൂടുതൽ സീറ്റുകളുള്ളത് കെ.ജി ഒന്നിലാണ്. കെ.ജി ഒന്നിൽ മൊത്തം 2024 സീറ്റുകളാണുള്ളത്. കെ.ജി രണ്ടിൽ 784 സീറ്റൊഴിവുണ്ട്. പിന്നീട് നാലാം ക്ലാസിലാണ് ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് -407. ഒമ്പതിൽ മൊത്തം 227 സീറ്റുകളുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ കെ.ജി ഒന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിൽ 1450 സീറ്റൊഴിവുണ്ട്. വാദീ കബീർ ഇന്ത്യൻ സ്കൂളിൽ 1288 സീറ്റൊഴിവുകളാണുള്ളത്. സീബ് ഇന്ത്യൻ സ്കുളിൽ മൊത്തം 870 ഒഴിവുകളും വാദീ കബീർ ഇന്റർനാഷനൽ സ്കൂളിൽ വവിധ ക്ലാസുകളിൽ 728 സീറ്റൊഴിവുകളുമുണ്ട്. കെ.ജി ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഏറ്റവും കുറഞ്ഞ സീറ്റൊഴിവുകളുള്ളത് ദാർസൈത്ത് ഇന്ത്യൻ സ്കൂളിലാണ്. മൊത്തം 271 സീറ്റുകൾ മാത്രമാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്.
ഗൂബ്ര ഇന്ത്യൻ സ്കൂളിൽ മൊത്തം 297 സീറ്റുകളിലാണ് പ്രവേശനം നടക്കുക. ഇന്റർനാഷനൽ സ്കൂളുകളിൽ അൽഗുബ്റയിൽ മൊത്തം 195 ഉം വാദീകബീറിൽ 728 ഉം സീറ്റുകൾ ഒഴിവുണ്ട്. നിലവിലുള്ള അവസ്ഥയിൽ ഇത്രയും സീറ്റുകളിൽ അപേക്ഷകരെ ലഭിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഒമാനിൽ പൊതുവേ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞ് വരുകയാണ്. ഒരു കാലത്ത് ഒമാനിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഇന്ത്യക്കാരാണ്. ഇതിൽ വലിയ ഭാഗം കേരളക്കാരുമാണ്. എന്നാൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ വന്നതോടെ നിരവധി പേർ ഒമാൻ വിട്ടിട്ടുണ്ട്. പഴയ തലമുറിയിലെ നിരവധി പേർ പ്രായം കാരണവും മറ്റുമായി ഒമാൻ വിട്ടെങ്കിലും സമാനമായി പുതിയ തലമുറക്കാരൂടെ വരവുണ്ടായിട്ടില്ല. ഇത് ഇന്ത്യൻ സ്കൂളുകളുടെ പ്രവേശനത്തെയും പ്രതികുലമായി ബാധിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ