തൊടുപുഴ: പട്ടാപകൽ നഗരമദ്ധ്യത്തിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച് അപമാനിച്ച ശേഷം മർദ്ദിച്ചു. കൂടെയത്തിയ സഹപാഠികൾക്കും ക്രൂര മർദ്ദനമേറ്റു. അക്രമികൾ നടത്തിയ കത്തി വീശലിൽ വിദ്യാർത്ഥികളിൽ ഒരാൾക്ക് മുറിവേറ്റു. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമം നടന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന വടംവലി മൽസരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിനിയും മൂന്ന് സഹപാഠികളും ചേർന്ന് മങ്ങാട്ടുകവലയിലുള്ള പ്രമുഖ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളിൽ പെൺകുട്ടിയുടെ തൊട്ടു പിറകിലിരുന്നയാൾ ദേഹത്ത് മനപ്പൂർവ്വം ചാരിയതിനെ ചൊല്ലി തർക്കമുണ്ടായി.
ദേഹത്ത് തട്ടിയ യുവാവിനെ പെൺകുട്ടി രൂക്ഷമായി നോക്കിയപ്പോൾ യുവാക്കൾ പരസ്യമായി അശ്ലീല പദപ്രയോഗം നടത്തി. ഇതോടെ വീണ്ടും തർക്കം മൂർച്ഛിക്കുകയും തുടർന്ന് തന്റെ കരണത്ത് അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ ഭയന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ നാല് പേരും കൂടി തടഞ്ഞ് വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാക്കളിൽ ഒരാൾ കത്തിയെടുത്ത് വീശിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ മൂക്കിന് മുറിവേൽക്കുകയും ചെയ്തു.
അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ ബൈക്ക് നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് തൊടുപുഴ പൊലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അക്രമികളിൽ ഒരാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലടക്കുകയും ചെയ്തയാളാണെന്നും പൊലീസ് സൂചിപ്പിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.