കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇൻഡ്യ മുന്നണി പൊളിഞ്ഞു. 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. നേരത്തേ നാല് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന് ടിഎംസി പറഞ്ഞിരുന്നു. കോൺഗ്രസ് 5 സീറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ബംഗാളിൽ ഇൻഡ്യ മുന്നണി സംവിധാനം അനിശ്ചിതത്വത്തിലായിരുന്നു.
പിന്നീട് 4 സീറ്റ് എന്നത് തൃണമൂൽ രണ്ടാക്കി ചുരുക്കുകയായിരുന്നു. നിലവിൽ സംസ്ഥാനത്ത് സ്വാധീനമില്ലാത്ത കോൺഗ്രസിന് 5 സീറ്റുകൾ വിട്ടുനൽകുന്നത് രാഷ്ട്രീയ അബദ്ധമായി മാറും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടതു മുന്നണിക്ക് സീറ്റുകൾ ഒന്നും വിട്ട് നൽകില്ലെന്ന് മമത നേരത്തേ വ്യക്തമാക്കിയിരുന്നു. മമതയുമായി കോൺഗ്രസ് കൂടുതൽ അടുക്കുന്നത് ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ ഇടത് പക്ഷത്തിന് നീരസമുണ്ടായിരുന്നു. അതിനിടയിലാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്.
ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബി.ജെ.പി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു. കോൺഗ്രസും തൃണമൂലും തമ്മിൽ വാക്‌പോര് മുറുകുന്നതിനിടെയാണ് സഖ്യത്തിനില്ലെന്ന് അഭിഷേക് വ്യക്തമാക്കിയിരിക്കുന്നത്
ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പേ പാര്‍ട്ടി ചെയര്‍പഴ്‌സണും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കിയതാണ്. അസ്സമിലെ ചില സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും പാര്‍ട്ടി മത്സരിക്കും. അതില്‍ ഒരു മാറ്റവുമില്ലെന്നും ടിഎംസി നേതാവ് ഡെറിക് ഒ ബ്രിയന്‍ പറഞ്ഞിരുന്നു.
















