തിരുവനന്തപുരം: എൽഡിഎഫ്- യുഡിഎഫ് നേതാക്കളും തമ്മിൽ വിശേഷിച്ച് കോൺഗ്രസ് -സിപിഎം നേതാക്കളും തമ്മിൽ കടുത്ത ശത്രുതയിലാണെന്നാണ് പാവം അണികളുടേയും പൊതുജനങ്ങളുടേയും ധാരണ. നിയമസഭക്കുള്ളിലും മാധ്യമങ്ങൾക്ക് മുന്നിലും പരസ്പരം കടിച്ചുകീറുന്ന ഇവർ അവനവൻ്റെ കാര്യസാധ്യത്തിന് ഒറ്റക്കെട്ടാണ് എന്ന് തെളിയുന്ന ഒരു വിവരമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
യുഡിഎഫ് ഭരിക്കുമ്പോൾ എൽഡിഎഫ് യൂണിയനിൽപ്പെട്ട ജീവനക്കാർക്ക് സ്ഥലം മാറ്റമോ ഡെപ്യൂട്ടേഷനോ നൽകാറില്ല. എൽഡിഎഫ് ഭരിക്കുമ്പോൾ തിരിച്ചും അങ്ങനെയാണ്. എന്നാൽ ആര് ഭരിച്ചാലും ഇരുമുന്നണികളിലെ നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും ഇത്തരത്തിലുള്ള രാഷ്ട്രീയ വൈര്യമൊന്നും ബാധിക്കാറില്ല. യുഡിഎഫ് ഭരിക്കുമ്പോൾ എൽഡിഎഫ് നേതാക്കൾ തങ്ങളുടെ ബന്ധുക്കൾക്ക് വേണ്ടി ഒരു കാര്യം വിളിച്ചു പറഞ്ഞാൽ അത് സാധിച്ചിരിക്കും. എൽഡിഎഫ് ഭരിക്കുമ്പോൾ ഇക്കാര്യത്തിലും അങ്ങനെ തന്നെ.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യക്ക് കമലയ്ക്ക് ലഭിച്ച ഡെപ്യൂട്ടേഷൻ. സംഭവം നടക്കുന്നത് 2001ലാണ്. എ.കെ.ആൻ്റണി മുഖ്യമന്ത്രിയായ കാലം. പിണറായി വിജയൻ അന്ന് സർവ്വപ്രതാപിയായ സിപിഎം സംസ്ഥാന സെക്രട്ടറി. അന്ന് തൻ്റെ ഭാര്യക്ക് ഡെപ്യൂട്ടേഷൻ വേണമെന്ന ആവശ്യം പിണറായി വിളിച്ചാവശ്യപ്പെട്ടത് എ.കെ.ആൻ്റണി എന്ന കോൺഗ്രസ് മുഖ്യമന്ത്രിയോടായിരുന്നു.
തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ തൻ്റെ കമലക്ക് സാക്ഷരത മിഷനില്‍ ഡെപ്യൂട്ടേഷന്‍ വേണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി യുഡിഎഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിം ലീഗായിരുന്നു. ഉടൻ തന്നെ ആൻ്റണി വകുപ്പ് മന്ത്രിയായ നാലകത്ത് സൂപ്പിയെ വിളിച്ചു വരുത്തി പിണറായിയുടെ ആവശ്യം നടത്തി കൊടുക്കാന്‍ നിർദ്ദേശിച്ചു.
മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ അധ്യാപികയായ കമലക്ക് സാക്ഷരത മിഷനില്‍ പ്രൊജക്ട് ഓഫിസറായി ഡെപ്യുട്ടേഷന്‍ നിയമന ഉത്തരവ് ഇറങ്ങിയത് പ്രകാശ വേഗത്തില്‍ ആയിരുന്നു.ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്യാത്ത ആള്‍ എന്നാണ് എ.കെ. ആന്റണിയെക്കുറിച്ച് ആരാധകർ വാഴ്ത്തിപ്പാടുന്നത്. എന്നാൽ പിണറായി വിജയൻ്റെ ഭാര്യയുടെ കാര്യത്തില്‍ ആന്റണി കണ്ണടച്ചു. ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡെപ്യൂട്ടേഷന്‍ എക്‌സ്റ്റെന്‍ഷന് അപേക്ഷിക്കണമെന്നാണ് ചട്ടം.
കമല ഓരോ വര്‍ഷവും ഡെപ്യൂട്ടേഷന്‍ നീട്ടണമെന്ന് അപേക്ഷിക്കും. ആൻ്റണിക്ക് പിണറായിയുടെ വിളിയെത്തും. വിദ്യാഭ്യാസ മന്ത്രി കമലക്ക് ഡെപ്യൂട്ടേഷന്‍ നീട്ടി കൊടുക്കും. ആന്റണി യുപിഎ സർക്കാരിൽ രണ്ടാമനായി പതിരോധ വകുപ്പ് കെകാര്യം ചെയ്യുന്ന സമയം ഇന്നത്തെ മറ്റൊരു വിവാദ നായികയ്ക്ക് ജോലി തരപ്പെടുത്തിക്കൊടുത്തു.
പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗിസിനാണ് ഈ കഥയിലെ നായിക. പ്രതിരോധമന്ത്രാലയത്തില്‍ എക്‌സാമിനര്‍ തസ്തികയിലായിരുന്നു നിയമനം.