മനാമ: അശ്രദ്ധമായി വാഹനമോടിച്ച് ശുചീകരണത്തൊഴിലാളിയെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അറബ് പൗരനായ പ്രതിയുടെ അന്തിമ അപ്പീൽ തള്ളി സുപ്രീംകോടതി. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. റോഡിൽ ശുചീകരണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശിയെ ഇടിച്ചു തെറിപ്പിക്കുകയും, ഗുരുതര പരിക്കുകളോടെ 45 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളയുകയും ചെയ്തു എന്നതാണ് പ്രതിക്കുമേലുള്ള കേസ്. ശേഷം പ്രതിയെ മൂന്നു വർഷത്തെ തടവുശിക്ഷക്ക് ലോവർ ക്രിമിനൽ കോടതി വിധിക്കുകയായിരുന്നു. നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കുക, ഇരയെ സഹായിക്കാതിരിക്കുക, കാൽനടക്കാർക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. ആദ്യ വിചാരണയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ഹൈ ക്രിമിനൽ കോടതിയിൽ അദ്ദേഹം അപ്പീൽ നൽകിയിരുന്നു.
എന്നാൽ, ജൂണിൽ കോടതി വിധി ശരിവെച്ചു. ശേഷമാണ് പ്രതിഭാഗം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. സുപ്രീംകോടതി വിഷയത്തിൽ പ്രതിഭാഗത്തെ ശാസിക്കുകയും വിധിശരിവെക്കുകയും അപ്പീൽ തള്ളുകയുമായിരുന്നു. തൊഴിലാളിയുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, കൊലപാതകം നടന്ന് ഒരു മാസത്തിനുശേഷം ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ