ന്യൂഡൽഹി: സി.ബി.എസ്.ഇ.10,12 ക്ലാസ് ബോർഡ് പരീക്ഷയിൽ ചോദ്യം പാഠ്യപദ്ധതിക്ക് പുറത്തുനിന്നെങ്കിൽ പരാതിപ്പെടാമെന്ന് ബോർഡ്.
പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതോ പേപ്പറിൽ തെറ്റായതോ ആയ ചോദ്യങ്ങൾ കാണുമ്പോൾ വിദ്യാർഥികൾ ആശങ്കാകുലരാകുന്നത് പരിഗണിച്ചാണ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയത്. ഇത്തരം സന്ദർഭങ്ങളിൽ ഉടൻതന്നെ ഇൻവിജിലേറ്ററെ അറിയിക്കണം.
ഇത് ഇൻവിജിലേറ്റർ സ്കൂളിലെ പരീക്ഷ സൂപ്പർവൈസറെ അറിയിക്കണം. വിദ്യാർഥിയുടെ സംശയങ്ങൾ അവലോകന റിപ്പോർട്ട്, ചോദ്യപ്പേപ്പറിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തി ബോർഡിന് മെയിൽ ചെയ്യണം.
Read More…….
റിപ്പോർട്ടിൽ ചോദ്യപ്പേപ്പറിലെ പിശകുകൾ, പ്രിന്റ് നിലവാരം, പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണോ ചോദ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം.
പരീക്ഷാദിവസംതന്നെ ഈ റിപ്പോർട്ട് തയ്യാറാക്കി ബോർഡിന് സമർപ്പിക്കേണ്ടത് ആവശ്യമാണ്. സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ രാജ്യത്തുടനീളവും 26 വിദേശരാജ്യങ്ങളിലും നടക്കുകയാണ്. 39 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്നു.
പത്താംക്ലാസിലെ ബോർഡ് പരീക്ഷകൾ മാർച്ച് 13-ന് അവസാനിക്കും. 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ ഏപ്രിൽ രണ്ടിനും.