കുവൈത്ത് സിറ്റി: ഇറാഖി അധിനിവേശ കാലത്ത് വീരോചിതമായി പോരാടുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തവരുടെ ഓർമകളിൽ അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയം. ഇറാഖി സൈനികർക്കെതിരെ നിലകൊണ്ട അൽ മസില റെസിസ്റ്റൻസ് ഗ്രൂപ്പിന്റെ ആയുധങ്ങളും വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ച മ്യൂസിയത്തിൽ ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായി ശനിയാഴ്ച പതാക ഉയർത്തൽ ചടങ്ങ് നടത്തി.
‘സമാധാനത്തിനും യുദ്ധത്തിനും ഇടയിൽ’എന്ന പേരിൽ കലാകാരൻ ഫഹദ് അൽ നജ്ജാർ ഒരുക്കിയ എക്സിബിഷൻ, ഹെറിറ്റേജ് എക്സ്പോ 965 ടീമിന്റെ പ്രദർശനം എന്നിവയും ആരംഭിച്ചു. 1991 ഫെബ്രുവരി 24ന് മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി നടന്ന കുവൈത്തികളുടെ യുദ്ധത്തെക്കുറിച്ചുള്ള പാരമ്പര്യേതര ഛായാചിത്രങ്ങൾ പ്രദർശനത്തിലെ പ്രത്യേകതയാണ്.
ഇറാഖി അധിനിവേശ കാലത്തെ ചരിത്രവും സംഭവങ്ങളും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തലമുറതലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ഛായാചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയതായി അൽ നജ്ജാർ പറഞ്ഞു.
ഇറാഖി അധിനിവേശ സമയത്ത് കുവൈത്തികളുടെ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന പ്രതീകവും ചരിത്രപരമായ നാഴികക്കല്ലും എന്ന നിലയിൽ കൗൺസിലിന്റെ മുൻഗണനകളിലൊന്നാണ് ക്യു.എം.എം എന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലറ്റേഴ്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ