മനാമ ∙ ബഹ്‌റൈനിലെ റേഡിയോയുടെയും ടെലിവിഷന്റെയും ചരിത്രം 1955 ലാണ് ആരംഭിക്കുന്നത്. അന്ന് മുതൽ ബഹ്‌റൈൻ നിവാസികളിൽ പലരും ഉപയോഗിച്ചിരുന്ന റേഡിയോകൾ പലതും ഉപയോഗ ശൂന്യമായെങ്കിലും അത്തരം റേഡിയോയുടെ സൂക്ഷിപ്പുകൾ ഇന്നും കാണാവുന്ന ഒരു കടയുണ്ട് ബഹ്‌റൈനിൽ. മനാമയിൽ അയക്കൂറ പാർക്ക് എന്ന് വിളിക്കുന്ന പാർക്കിനടുത്ത് സ്വദേശി സംരക്ഷിച്ചു പോരുന്ന ഈ കടയിൽ ഇന്നും റേഡിയോകൾക്ക് ആവശ്യക്കാർ എത്തുന്നത് ‘പഴയത്’ അന്വേഷിച്ചാണ്.
അത് കൊണ്ട് തന്നെ ബഹ്റിന്റെ ചരിത്രത്തിൽ ഏറെ വിശേഷപ്പെട്ട സ്‌ഥാനമാണ് ‘ജലാൽ ബസാർ’ എന്ന പേരിലുള്ള ഈ പുരാവസ്തു കടയ്ക്കുള്ളത്. റേഡിയോ മാത്രമല്ല, ബഹ്റൈന്റെ ചരിത്രപ്രധാന്യമുള്ളതും പഴക്കമുള്ളതുമായ പല വസ്തുക്കളും ജലാൽ ബസാറിൽ ലഭ്യമാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് നടത്തിവരുന്ന ഈ കട അന്വേഷിച്ച് സൗദി അറേബിയയിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നും വരെ ആളുകൾ എത്തിച്ചേരാറുണ്ടെന്ന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്രവാസികൾ പറയുന്നു.
പുരാവസ്തുക്കൾ മാത്രം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഈ കടയ്ക്കുമുണ്ട് പ്രത്യേകതകൾ. മരത്തടികൾ കൊണ്ട് നിർമിക്കപ്പെട്ട ഈ കടയുടെ ചുവരുകളുടെ പുറംഭാഗം ആദ്യകാല കടയുടമകളുടെയും, സ്വദേശികളുടെയും മറ്റും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ബഹ്‌റൈനിലെ ആദ്യകാല ഭരണാധികാരിക്കൊപ്പം ഗാന്ധിജിയുടെ ചിത്രവും നിറഞ്ഞു നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. റോഡിനോട് ഓരം ചേർന്നുള്ള കടയുടെ ഭാഗത്ത് വിശ്രമിക്കാനുള്ള ഇരിപ്പിടവും ഉണ്ട്.
ആദ്യകാലത്തെ വുഡൻ വാൽവ് റേഡിയോകൾ മുതൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനുകളും, ഗ്രാമഫോണുകളും ജലാൽ ബസാറിൽ സൂക്ഷിച്ചിട്ടുണ്ട്. ഫിൽകോ, ഡെക്കോ കോർണാഡോ, മാഗ്നവോക്സ്, അഡ്മിറൽ, മജെസ്റ്റിക്, തുടങ്ങി പഴയകാല ബ്രാൻഡുകളുടെ വലിയ നിരതന്നെ ഇവിടെ ഉണ്ടെന്നതാണ് ജലാൽ ബസാറിനെ വേറിട്ടതാക്കുന്നത്. വിവിധയിനം കൂജകൾ, തകരപ്പെട്ടികൾ, പഴയകാലത്തെ ഫാനുകൾ, ഫിലിം ഇടാവുന്ന ക്യാമറകൾ, മണ്ണെണ്ണ വിളക്കുകൾ തുടങ്ങി പുതുതലമുറ കണ്ടിട്ടില്ലാത്ത നിരവധി പുരാവസ്തുക്കളുടെയും വേറിട്ട ഇലക്ട്രോണിക്, ഇലക്ട്രിക്ക് സാധനങ്ങളുടെയും കൂടാരം തന്നെയാണ് നഗരമധ്യത്തിലെ ജലാൽ ബസാർ.
∙ പ്രവാസികളുടെ ‘അയക്കൂറപാർക്ക്’
മനാമയുടെ തിരക്കേറിയ പ്രദേശത്ത് ഗതാഗത സൗകര്യത്തിനായി നിർമിച്ച റൗണ്ട് എബൗട്ടിന് നടുവിലായി രണ്ടു മത്സ്യങ്ങൾ പരസ്പരം മുട്ടിയുരുമിയിരിക്കുന്ന രീതീയിൽ തീർത്ത മനോഹര ശിൽപം ഉള്ളതിനാലാണ് പ്രവാസികൾ ഈ പ്രദേശത്തെ അയക്കൂറ പാർക്ക് എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഇപ്പോൾ സ്വദേശികൾ അടക്കമുള്ളവർക്കും ഈ പേര് സുപരിചിതമാണ്. അതിനിടെ ഗൂഗിൾ മാപ്പിലും ആരോ ഈ പേര് നൽകിയതോടെ പ്രദേശത്തേക്ക് ഗൂഗിൾ മാപ്പ് ഇട്ട് സഞ്ചരിക്കുന്നവരും ‘അയക്കൂറ പാർക്ക്’ എന്ന് ടൈപ്പ് ചെയ്തു തുടങ്ങി.
രാവിലെ മുതൽ വൈകിട്ട് വരെ സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ് അയക്കൂറ പാർക്കിൽ സംസാരിച്ചിരിക്കാൻ വരുന്നത്. നിരവധി ഭക്ഷണ ശാലകളും സൂപ്പർ മാർക്കറ്റുകളും ഉള്ള പ്രദേശം ബിസിനസ് ഹബ്ബായി വളർന്നെങ്കിലും ‘അയക്കൂറ പാർക്കിൽ’ വിശേഷങ്ങൾ കൈമാറാൻ എത്തുന്ന സന്ദർശകർക്ക് ഇപ്പോഴും പഞ്ഞമില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ