ഷാർജ: എമിറേറ്റിലെ മ്യൂസിയങ്ങളിൽ മാർച്ച് മൂന്നുവരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സമ്പന്നമായ ഇമാറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഷാർജ കാലിഗ്രഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കാൻ തുടങ്ങിയ മ്യൂസിയങ്ങളിലേക്കാണ് ഷാർജ മ്യൂസിയം അതോറിറ്റി(എസ്.എം.എ) സൗജന്യ പ്രവേശനം അനുവദിക്കുക. കൂടാതെ, ഫെബ്രുവരി 28 ന് ദിബ്ബ അൽ ഹിസ്നിലും മാർച്ച് ഒന്ന്, മാർച്ച് മൂന്ന് തീയതികളിൽ ഷാർജയിലും ‘മ്യൂസിയംസ് എക്സ്പ്രസ്’ എന്ന മൊബൈൽ ബസ് മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്ക് എമിറേറ്റിന്റെ ചരിത്രം പഠിപ്പിക്കാൻ വിവിധ വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് ഷാർജയുടെയും ഭരണകുടുംബത്തിന്റെയും ചരിത്രത്തെക്കുറിച്ചും പുരാതന പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും പുരാതന ദൈനംദിന ജീവിതത്തെക്കുറിച്ചും കൂടുതലറിയാൻ ഇത് ഉപകരിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിലും വെള്ളിയാഴ്ച വൈകു. നാലുമുതൽ എട്ടുവരെയും മ്യൂസിയങ്ങൾ തുറന്നിരിക്കും. ഇവൻറ് ഷെഡ്യൂൾ, സമയം, ലൊക്കേഷൻ എന്നിവ എസ്.എം.എ വെബ്സൈറ്റിൽ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ