റിയാദ്: സൗദി കപ്പിന് വേണ്ടിയുള്ള അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനമായി. രണ്ട് ദിവസങ്ങളിലായി ജനാദിരിയയിലെ കിങ് അബ്ദുൽ അസീസ് മൈതാനത്ത് നടന്ന മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കുതിയോട്ട മത്സരപ്രേമികളും ആരാധകരുമാണ് എത്തിയത്.
ശക്തമായ മത്സരത്തിനാണ് കിങ് അബ്ദുൽ അസീസ് മൈതാനം സാക്ഷ്യം വഹിച്ചത്. എട്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യദിവസം നടന്നത്. ‘മൈൽ റേസ്’ൽ തുടങ്ങി സാംസ്കാരിക മന്ത്രാലയം സ്പോൺസർ ചെയ്ത മുനീഫ കപ്പ് റൗണ്ടോടെയാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ സമാപിച്ചത്.
അൽഖാലിദിയ സ്റ്റേബിൾസിന്റെ ഉടമസ്ഥതയിലുള്ള ‘തിലാൽ അൽ ഖാലിദിയ’എന്ന കുതിരയാണ് മുനീഫ കപ്പ് നേടിയത്. കുതിരസവാരി താരം ആദിൽ അൽഫരീദിയുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ 21 മിനിറ്റ് 97 സെക്കൻഡിൽ 2100 കി.മീറ്റർ ദൂരം പിന്നിട്ടാണ് ‘തിലാൽ അൽഖാലിദിയ’കുതിര ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടു മണിക്കൂർ 22 മിനിറ്റ് 529 സെക്കൻഡ് സമയത്തിനുള്ളിൽ ഇത്രയും കി.മീറ്റർ താണ്ടി ഖലീഫ അൽ കുവാരിയുടെ ‘മുഷ്രിഫ്’എന്ന കുതിര രണ്ടാം സ്ഥാനവും അദ്ബ റേസിങ് സ്റ്റേബിളിൽനിന്നുള്ള ‘മുത്ബാഹി അദ്ബ’ എന്ന കുതിര രണ്ടു മണിക്കൂർ 22 മിനിറ്റ് 823 സെക്കൻഡ് സമയത്തോടെ മൂന്നാം സ്ഥാനവും നേടി. ഒരോ റൗണ്ടിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ അന്നേദിവസം വിതരണം ചെയ്തു.
രണ്ടാം ദിവസം ഒമ്പത് റൗണ്ടുകളിലാണ് മത്സരങ്ങൾ നടന്നത്. ഹോഴ്സ് റേസിങ് ക്ലബ് കപ്പ്, ഒബയ്യ കപ്പ്, സൗദി ഇൻറർനാഷനൽ റേസ്, സൗദി ഡെർബി, റിയാദ് സ്പീഡ് കപ്പ്, 1351 സ്പീഡ് കപ്പ്, നിയോം കപ്പ്, ലോംഗൈൻസ് കപ്പ് റൗണ്ടുകൾ ഇതിലുൾപ്പെടും. ഈ വർഷത്തെ വിജയികൾക്കുള്ള ആകെ സമ്മാനത്തുക 3.76 കോടി ഡോളറാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരയോട്ട മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്. 13 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 244 കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. കുതിരയോട്ട മത്സരചരിത്രത്തിലെ അഭൂതപൂർവമായ എണ്ണമാണിത്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട കുതിരകളുടെ സംഘം മത്സരത്തിനുണ്ടായിരുന്നു. ബ്രീഡേഴ്സ് കപ്പ് ക്ലാസിക് ചാമ്പ്യനായ അമേരിക്കൻ കുതിര ‘വൈറ്റ് അപാരിയോ’യും റിയാദിലെത്തിയിരുന്നു.
രണ്ട് ദിവസത്തെ 17 റൗണ്ടുകൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ കുതിരയോട്ട റൗണ്ടായ സൗദി കപ്പ് റൗണ്ടിലാണ് മത്സരം അവസാനിച്ചത്. ഈ റൗണ്ടിലെ വിജയിക്കുള്ള സമ്മാനത്തുക രണ്ട് കോടി ഡോളറാണ്.
സൗദി കപ്പ് ഒരു പ്രമുഖ പരിപാടിയും നിരവധി തലങ്ങളിൽ രാജ്യത്തിന്റെ വിജയപ്രതീകവുമായി മാറിയിരിക്കുന്നുവെന്ന് ഇക്വസ്ട്രിയൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ബന്ദർ ബിൻ ഖാലിദ് ബിൻ അൽഫൈസൽ പറഞ്ഞു. ഇത് റേസിങ് വശത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് കല, സാംസ്കാരികം, വാണിജ്യം, ഫാഷൻ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ അതിലുൾപ്പെടുന്നു.
വൈവിധ്യവും സമഗ്രവുമായ ചരിത്രവും സാംസ്കാരിക ജീവിതവും കൊണ്ട് സവിശേഷമായ സൗദിയുടെ വിവിധ പ്രദേശങ്ങളുടെ ചരിത്രവും സംസ്കാരവും അവതരിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനുമുള്ള ഒരു ഉപകരണം കൂടിയാണിതെന്നും അമീർ ബന്ദർ ബിൻ ഖാലിദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ