റാസല്‍ഖൈമ: 17ാമത് റാക് ഹാഫ് മാരത്തൺ പ്രാതിനിധ്യംകൊണ്ടും സംഘാടനംകൊണ്ടും ഏറെ ശ്രദ്ധേയമായി. ഹാഫ് മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ഡാനിയല്‍ മറ്റെക്കോയും (58:45) വനിത വിഭാഗത്തില്‍ ഇത്യോപ്യയുടെ സിഗി ഗെബ്രെസേലാമയും (65:14) ജേതാക്കളായി. സഹാബിയ ജോണ്കോര് (58:50), ഇസായ ലസോയ് (58:55) എന്നിവരാണ് പുരുഷ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനക്കാര്‍.
വനിത വിഭാഗത്തില്‍ ഇത്യോപ്യയുടെ അബാബേല് യെഷാനെ (65:44), താന്‍സനിയന്‍ താരം ജാക്ക്ലിന്‍ സക്കിലു (66:04) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനക്കാര്‍. മുന്‍ വര്‍ഷങ്ങളിലെ പോലെ ആഫ്രിക്കന്‍ താരങ്ങള്‍ക്കായിരുന്നു ലോകത്തിലെ വേഗമേറിയ റാക് അര്‍ധ മാരത്തണില്‍ ഇക്കുറിയും ആധിപത്യം. സിഗി ഗെബ്രെസേലാമയും ജാക്ക്ലിനും തങ്ങളുടെ വ്യക്തിഗത മികവിനെ മറികടന്നാണ് റാക് ഹാഫ് മാരത്തണില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. രണ്ടാംസ്ഥാനക്കാരിയായ അബാബേല് 2020ലെ റാക് ഹാഫ് മാരത്തണില്‍ ജേതാവായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് ഹാഫ് മാരത്തണ്‍ ജേതാക്കള്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയില്‍ നിന്ന് ട്രോഫികള്‍ ഏറ്റുവാങ്ങി. റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് റാക്കി ഫിലിപ്സ്, മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി തുടങ്ങിയവര്‍ സംബന്ധിച്ചു. മാരത്തണില്‍ ലോക റെക്കോഡിട്ട, ഈ മാസം അന്തരിച്ച കെല്‍വിന്‍ കിപ്റ്റത്തിന് തന്റെ വിജയം സമര്‍പ്പിക്കുന്നതായി ട്രോഫി സ്വീകരിച്ച് കെനിയന്‍ താരമായ ഡാനിയല്‍ മറ്റെക്കോ പറഞ്ഞു. 21 കി.മീറ്റര്‍ എലൈറ്റ് ഫീല്‍ഡിന് പുറമെ പത്ത്, അഞ്ച്, രണ്ട് കി.മീറ്ററുകളില്‍ നടന്ന മത്സരങ്ങളില്‍ 5,700ലേറെ പേര് പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ