തിരുവനന്തപുരം: പോക്സോ കേസുകളിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. ലൈംഗിക ചൂഷണത്തിനിരകളാകുന്ന പെണ്‍കുട്ടികളെ പാർപ്പിക്കുന്ന കെയർ ഹോമുകൾ എൻജിഒകൾക്ക് കൈമാറിക്കൊണ്ടാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
പോക്സോ കേസുകളില്‍ പെണ്‍കുട്ടികളെക്കൊണ്ട് മൊഴി മാറ്റിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് പതിവായിരിക്കെയാണ് ഇരകളെ താമസിപ്പിക്കുന്ന കെയര്‍ ഹോമുകള്‍ എന്‍ജിഒകള്‍ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. കേരള മഹിളാസമഖ്യസൊസൈറ്റിയുടെ നിയന്ത്രത്തിലുണ്ടായിരുന്ന ‘എന്‍ട്രി ഫോര്‍ ഗേള്‍സ്’ ആണ് എന്‍ജിഒകള്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെല്ലാം എന്‍ട്രി ഫോര്‍ ഗേള്‍സ്’ എന്‍ജിഒകള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇപ്പോൾ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് സൊസൈറ്റിയുടെ കീഴിൽ കെയര്‍ ഹോമുകളുള്ളത്. എന്നാൽ കരാര്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ ഈ ജില്ലകളിലെയും കെയര്‍ ഹോം നടത്തിപ്പ് എന്‍ജിഒകള്‍ക്ക് നൽകുമെന്നാണ് വിവരം.
കേരള മഹിളാസമഖ്യയുടെ ചുമതലയിൽ കെയര്‍ ഹോമുകള്‍ ഉണ്ടായിരുന്ന സമയത്ത് പോക്സോ കേസുകളിലെ ഇരകള്‍ക്ക് ഒരു പരിധിവരെ സുരക്ഷതിത്വം ഉറപ്പായിരുന്നു.പ്രതികൾക്ക് മൊഴി മാറ്റാന്‍ ഇരകളെ സമീപിക്കാനുള്ള അവസരം ഇവിടങ്ങളിൽ ലഭിച്ചിരുന്നുമില്ല. പ്രതികളുടെ ഭാഗത്ത് നിന്നും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള നീക്കങ്ങള്‍ വന്നാലും അതിന് തടയിടാനും വിധി വരുന്നത് വരെ ശ്രദ്ധിക്കുവാനും ഇത് വഴി കഴിഞ്ഞിരുന്നു. ഇതിനെയെല്ലാം അട്ടിമറിക്കുന്ന നടപടിയാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.