ജിദ്ദ – ‘ഫോറം ഫോർ മങ്കട സി എച്ച് സെന്റർ ജിദ്ദയുടെ (FMCH-Jeddah ) ആഭിമുഖ്യത്തിൽ യാമ്പു ഫഌവർ ഷോ സന്ദർശിക്കാൻ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു. മങ്കടയിൽ പുതുതായി പ്രവർത്തനമാരംഭിച്ച മങ്കട സി.എച്ച് സെന്ററിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു സാധ്യമായ സഹായ സഹകരണങ്ങൾ നൽകി കുടുതൽ കരുത്തു പകരുക എന്ന ലക്ഷ്യവുമായാണ് ‘ഫോറം ഫോർ മങ്കട സി എച്ച് സെന്റർ ജിദ്ദ’ രൂപീകൃതമായത്.
കുടുംബങ്ങളുൾപ്പെടെ നൂറിലധികം യാത്രികരുമായി രണ്ടു ബസ്സുകളിലായി പുറപ്പെട്ട സംഘത്തിൽ മലയാളം ന്യൂസ് പത്രാധിപ സമിതിയംഗം എ.എം. സജിത്ത്, അലി മങ്കട, മോട്ടിവേറ്ററും ട്രെയിനറുമായ മുഹമ്മദാലി അങ്ങാടിപ്പുറം എന്നിവരും ഉണ്ടായിരുന്നു. രാവിലെ എട്ടു മണിയോടെ ജിദ്ദ ബാഗ്ദാദിയ്യയിൽ നിന്നും പുറപ്പെട്ട ഫ്ലവർ ഷോട്രിപ്പ് വേറിട്ടൊരു നവ അനുഭൂതിയാണ് യാത്രികർക്ക് സമ്മാനിച്ചത്. യാത്രയിലുടനീളം പിഞ്ചുമക്കളുടെ കലാപ്രകടനവും വഴിയോരങ്ങളിലും ചൈനാ പാർക്കിലും ഇരുന്നു ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലും യാത്രികർ തമ്മിൽ പരസ്പര പരിചയപ്പെടലും ദീർഘദൂര ബസ് യാത്രയുടെ ആലസ്യം ഇല്ലാതാക്കാൻ സഹായകമായി.
അതി മനോഹരമായ വിവിധയിനം പൂക്കളുടെ കലവറയായ യാമ്പൂ പുഷ്പോത്സവം കൺകുളിർക്കേ സമ്പൂർണ്ണമായി നേരിൽ കാണാൻ കഴിഞ്ഞത് സങ്കീർണ്ണമായ പ്രവാസ ജീവിതത്തിന്റെ വിരസതയിൽ നിന്നും ഒരൽപം മോചനവും മനസ്സിനു കുളിർമയേകുന്ന ഒത്തിരി ഓർമ്മകൾ സമ്മാനിച്ചതായും, മികച്ച സംഘാടനം, പരിചയസമ്പന്നരായ വളണ്ടിയർമാരുടെ സേവനം, രുചികരമായ ഭക്ഷണം, നല്ല പരിചരണം, അങ്ങനെ എല്ലാം കൊണ്ടും കുറ്റമുറ്റ ഒരു ഉല്ലാസ യാത്ര തന്നെയായിരുന്നുവെന്നും സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു..
ജി.സി.സിയിലെ ഏറ്റവും വലിയ ഫ്ലവർ ഫെസ്റ്റ് നേരിട്ടു കണ്ട അനുഭൂതിയുമായി രാത്രി 12 മണിയോടെ യാത്രാ സംഘം ജിദ്ദയിൽ തിരിച്ചെത്തി.
യൂസുഫ് വെള്ളില, കുഞ്ഞുമുഹമ്മദ് മക്കരപ്പറമ്പ് , മജീദ് മങ്കട, ഗദ്ദാഫി ബിൻ കരീം, ഖാലിദ് വാഴേങ്ങൽ, റാഫി കടന്നമണ്ണ, ഖലീൽ വെള്ളില, റഊഫ് തങ്കയത്തിൽ,ശറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ