തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും തൻ്റെ ഭാര്യയുമായ വീണ വിജയൻ ഉപയോഗിക്കുന്ന സർക്കാർ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാതെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് ഫണ്ട് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റയിയാണ് നിലവിൽ മന്ത്രി പത്നിയുടെ ഉപയോഗിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ വാഹനം ഭാര്യ വീണ വിജയന്‍ ഉപയോഗിക്കുന്നു എന്ന് സാരം.
കോടികളുടെ ആസ്തിയുണ്ടെങ്കിലും വീണ വിജയന് സ്വന്തമായി വാഹനങ്ങളൊന്നുമില്ല. തനിക്കും ഭാര്യയായ വീണാ വിജയനും സ്വന്തമായി വാഹനങ്ങൾ ഒന്നും തന്നെയില്ലെന്ന് 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വത്തുക്കൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ള സത്യവിംഗ് മൂലത്തിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കാറിൽ വീണയുടെ സഞ്ചാരം തുടരുമ്പോഴും വകുപ്പ് മന്ത്രിയോട് ചോദിചോദ്യങ്ങൾ മറുപടിയില്ല എന്നതാണ് രസകരം. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ് മുഹമ്മദ് റിയാസിനോട് ഇതിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. റോഡ് ഫണ്ട് ബോർഡിന് ആകെ എത്ര വാഹനങ്ങളുണ്ട് , ഓരോ വാഹനവും ആരാണ് ഉപയോഗിക്കുന്നത്, മന്ത്രിയുടെ ആവശ്യങ്ങൾക്കായി വാഹനം വിട്ട് നൽകിയിട്ടുണ്ടോ, കഴിഞ്ഞ 6 മാസത്തെ യാത്രകളുടെ ലോഗ് ബുക്കുകൾ എന്നീ ചോദ്യങ്ങളാണ് എൽദോസ് ചോദിച്ചത്.
റോഡ് ഫണ്ട് ബോർഡിൽ നിന്ന് എല്ലാ വിവരങ്ങളും അടങ്ങിയ മറുപടി മന്ത്രിയുടെ ഓഫിസിൽ എത്തിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് മന്ത്രി ആ മറുപടി പൂഴ്ത്തുകയാണ് ഉണ്ടായത്. കാരണം റോഡ് ഫണ്ട് ബോർഡിൻ്റെ 2 വാഹനങ്ങൾ റിയാസിൻ്റെ ഓഫിസിലെ ആവശ്യത്തിനും വീണയുടെ യാത്രക്കും ആണ് ഉപയോഗിക്കുന്നത് എന്നതാണ്. ബോർഡ് നൽകിയ കൃത്യമായ മറുപടിക്ക് പകരം വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് നിയമസഭയിൽ സമർപ്പിച്ചത്.
സംസ്ഥാന നിയമസഭയിൽ രണ്ട് ഔദ്യോഗിക വാഹനങ്ങളുള്ള ഏക മന്ത്രിയാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ പൊതുമരാമത്ത് മന്ത്രി കൂടിയായ മു മുഹമ്മദ് റിയാസ്. തിരുവനന്തപുരത്തും കോഴിക്കോടും മന്ത്രി റിയാസിന് ഔദ്യോഗിക വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മറ്റ് മന്ത്രിമാർക്കെല്ലാം ഒരു ഔദ്യോഗിക വാഹനം മാത്രമുള്ളപ്പോൾ റിയാസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന് ആർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. അതേസമയം, മുഖ്യമന്ത്രിക്ക് ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 ഔദ്യോഗികവാഹനങ്ങള്‍ ഉണ്ട്. കൂടാതെ സുരക്ഷ എന്ന പേരില്‍ 28 ഓളം അകമ്പടി വാഹനങ്ങളും മുഖ്യമന്ത്രിക്കുണ്ട്.
മുഹമ്മദ് റിയാസിന് എത്ര ഔദ്യോഗിക വാഹനങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് 2023 ഫെബ്രുവരി ഒന്നിന് ആലുവ എംഎൽഎ അൻവർ സാദത്ത് ഉന്നയിച്ച ചോദ്യത്തിനും മറുപടിയില്ല. നിയമസഭാ ചോദ്യങ്ങൾക്ക് തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് ചട്ടം. ഇതും മന്ത്രി പാലിച്ചിട്ടില്ല.
അടുത്തിടെ മന്ത്രിറിയാസിൻ്റെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളുടെ ആവശ്യത്തിന് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് സ്റ്റാഫിലെ ചിലരുടെ മക്കൾ സ്ക്കൂളിൽ പഠിക്കാൻ പോകുന്നതും തിരിച്ച് വരുന്നതും സർക്കാർ വാഹനത്തിൽ ആണ്. പെട്രോളിൻ്റേയും ഡീസലിൻ്റേയും വില വർധിച്ചതോടെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം കൂടിയത്. പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് മാത്രമാണ് ചട്ടപ്രകാരം ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ അനുവാദമുള്ളത്.
അതേസമയം, മറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളും സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നതിൽ ഒട്ടും പിന്നിലല്ല. പേഴ്‌സണല്‍ സ്റ്റാഫുകളുടെ മക്കളുടെ സ്‌കൂളില്‍ പോക്കും സര്‍ക്കാര്‍ വാഹനത്തിലാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ചെലവിനായി 110.49 കോടി രൂപയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.തൃക്കാക്കര എംഎൽഎ ഉമാ തോമസ് നൽകിയ ചോവത്തിന് പമ്പുടമകൾക്ക് എത്ര രൂപ കുടിശിക നൽകാൻ ഉണ്ട് എന്നതിനെപ്പറ്റി വ്യക്തയില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
സർക്കാർ വാഹനങ്ങളുടെ കാര്യത്തിൽ ഇന്ധനം സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നത് വാഹനം അനുവദിച്ചിട്ടുള്ള വ്യക്തിയാണ്. പമ്പുടമയും വാഹനങ്ങളും തമ്മിലുള്ള കരാർ പ്രകാരമാണ് ഇന്ധനം കടമായി വാങ്ങുന്നത്. ധനമന്ത്രിയുടെ ഈ മറുപടി തന്നെ വ്യക്തമാക്കുന്നത് ധനവകുപ്പിൻ്റെ പക്കൽ കണക്കില്ല എന്നാൽ വാഹനം അനുവദിച്ചതാർക്കാണോ അവർ നൽകുന്ന കണക്ക് പ്രകാരം പണം നൽകുകയാണ് ചെയ്യുന്നത് എന്നാണ്. പേഴ്‌സണല്‍ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം കൂടിയതോടെ ഇന്ധന ചെലവിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരും എന്ന സംശയമാണ് ഇപ്പോൾ ധനവകുപ്പിന്.