ദുബായ് ∙ ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന കാലം കഴിയണം.
തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ പിടിക്കപ്പെട്ടവർക്കും ലഹരി ഉപയോഗിച്ചവർക്കും വീണ്ടും വീസ ലഭിക്കാനും ഇതേ നിയമം ബാധകമാണ്. രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളുടെ രേഖയാണ് ഇത്തരക്കാരുടെ വീസ അപേക്ഷയിൽ പരിഗണിക്കുക. വിശ്വാസ വഞ്ചന, പൊതുധാർമ്മിക – സദാചാര നിയമങ്ങൾ ലംഘിച്ചവരും വീസ വിലക്കുള്ളവരുടെ പട്ടികയിലുണ്ട്. ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളെ കയ്യേറ്റം ചെയ്ത കേസിൽ രാജ്യം വിടേണ്ടി വന്നവർക്കും ഒരു വർഷം വരെ വീസ നൽകില്ല. സമൂഹമാധ്യമങ്ങൾക്കു പുറമെ പരമ്പരാഗത മാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും പ്രസിദ്ധീകരിച്ചാലും തൊഴിൽ വിലക്കുണ്ടാകും. 10 ദിവസം തുടർച്ചയായോ പലപ്പോഴായി 15 ദിവസമോ ജോലിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വിട്ടുനിൽകുന്നവർക്കും രാജ്യം വിട്ടശേഷം ഒരു വർഷം കഴിഞ്ഞു മാത്രമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാനാകൂ. ഇവർ രാജ്യം വിട്ട ദിവസം മുതലാണ് ഒരു വർഷം കണക്കാക്കുക.
അനുനയം പരാജയപ്പെട്ടാൽ മാത്രം കേസ് കോടതിക്ക്
വീട്ടുജോലിക്കാരും തൊഴിലുടമയും തമ്മിലുള്ള പരാതി ലഭിച്ചാൽ മന്ത്രാലയ മേൽനോട്ടത്തിലുള്ള തർക്കപരിഹാര വകുപ്പിൽ പരാതിപ്പെടണം. ഇത്തരം കേസുകളിൽ അതിവേഗം പരിഹാരം കാണും. ഇരുവരെയും വിളിച്ചു വരുത്തി പരാതികൾ കേട്ട ശേഷം നിയമോപദേശകന്റെ മധ്യസ്ഥതയിൽ കേസ് അനുനയിപ്പിക്കാനാകും ആദ്യ ശ്രമം. ഇതു പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് കേസ് കോടതിക്ക് കൈമാറുക. പരാതി ലഭിച്ച് 15 ദിവസങ്ങൾക്ക് ശേഷമാണ് ഇത്. നിയമപരമായ കുറിപ്പ് സഹിതമാകും മന്ത്രാലയം ഈ കേസ് ഫയൽ കോടതിക്ക് സമർപ്പിക്കുക.
ഇളവ് ലഭിക്കാൻ
ജോലിയിൽ നിന്നു 10 ദിവസം വിട്ടു നിന്നിട്ടില്ലെന്ന രേഖ ഹാജരാക്കിയാൽ ഗാർഹിക തൊഴിലാളിക്ക് വീസ ലഭിക്കും. തൊഴിലുടമയുടെ അനുമതി പ്രകാരം അവധിയെടുത്തതാണെന്ന് ബോധ്യപ്പെടുത്തിയാലും നിയമത്തിൽ ഇളവുണ്ടാകും. തൊഴിലാളി ഒളിച്ചോടിയതല്ലെന്ന് തെളിയിക്കുകയാണ് തൊഴിലുടമയുടെ ഒളിച്ചോട്ടപ്പരാതി റദ്ദാക്കാനുള്ള മാർഗം. ജോലിക്കെത്താതിരുന്നത് നിയമാനുസൃതമാണെന്ന് തെളിയിക്കാൻ റിക്രൂട്ടിങ് കാര്യാലയങ്ങളുടെ സഹായം തേടാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ