മസ്‌കത്ത്∙ ഒമാനിലെ മസ്‌കത്തില്‍ നിന്നും യുഎഇയിലെ ഷാര്‍ജയിലേക്ക് മുവാസലാത്ത് ബസ് സര്‍വീസ് ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 10 റിയാലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കും.
മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും പ്രതിദിനം രണ്ട് സര്‍വീസുകള്‍ വീതം നടത്തും. പുലര്‍ച്ചെ 6.30ന് അസൈബയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് അര്‍ധരാത്രി 1.10നും അല്‍ ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും. അല്‍ ജുബൈലില്‍ നിന്ന് പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും വൈകുന്നേരം 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനില്‍ എത്തും.
മസ്‌കത്തിനും ഷാര്‍ജക്കും ഇടയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവാസലാത്തും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. യാത്രക്കാര്‍ക്ക് ഒമാന്‍ മുവാസലാത്ത് വെബ്‌സൈറ്റ് വഴിയോ ഇരു രാജ്യങ്ങളിലെയും ബസ് സ്‌റ്റേഷനുകളിലുള്ള സെയില്‍സ് ഔട്ലെറ്റുകള് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.
ഒമാനും യുഎഇക്കും ഇടയിലുള്ള വിവിധ ബസ് സര്‍വീസുകള്‍ നിലവിലുണ്ട്. മസ്‌കത്ത്-ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതല്‍ മെച്ചപ്പെടും. ഇതിനിടെ മസ്‌കത്തില്‍ നിന്ന് റിയാദിലേക്കുള്ള അല്‍ ഖന്‍ജരി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ് സര്‍വീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മസ്‌കത്ത്- നിസ്‌വ- ഇബ്രി- റുബുഉല്‍ ഖാലി-ദമാം- റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ ആറ് മണിക്കും റിയാദിലെ അസീസിയയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് യാത്രാ സമയം. അതിര്‍ത്തിയിലെ ഇമഗ്രേഷന്‍ നടപടികള്‍ക്കുള്‍പ്പെടെയാണിത്. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാല്‍ (350 സൗദി റിയാല്‍) ആണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, ബസ് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സഊദി റിയാല്‍) ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ