മസ്കത്ത്: രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുൾപ്പെടെ വിവിധ റോഡ് പദ്ധതികൾക്ക് ഈ വർഷം പ്രാധാന്യം നൽകുമെന്ന് ഗതാഗത വാർത്ത വിനിമയ വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
തെക്കൻ ബാത്തിനയെ ജബൽ അഖ്ദറുമായി ബന്ധിപ്പിക്കുന്ന ബദൽ റോഡ്, തെക്കൻശർഖിയയിലെ വാദി ബാനി ജാബർ റോഡിന്റെ (ഘട്ടം രണ്ട്) രൂപകൽപന നടപ്പാക്കലും, ജബൽഅഖ്ദറിലെ സൈഹ് ഖത്ന റോഡ്, ജബൽ ഷംസിനെ ബന്ധിപ്പിക്കുന്ന റോഡ് എന്നിവ ഈ വർഷം നടപ്പാക്കാനുമാണ് അധികൃതർ ആലോചിക്കുന്നത്.
തെക്കൻ ബാത്തിനയിൽനിന്ന് ജബൽ അഖ്ദറിലേക്കുള്ള പുതിയ ബദൽ റോഡ് നടപ്പാക്കുന്നതിനുള്ള ടെൻഡർ മന്ത്രാലയം നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളെ രാജ്യത്തിന്റ മറ്റ് ഭാഗങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനാൽ ഈ റോഡ് പദ്ധതികൾ വളരെ പ്രധാനമാണെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവയിലൊന്നാണ് ജബൽ അഖ്ദർ. ഈ സ്ഥലത്തിന് വളരെയധികം സാധ്യതകളാണുള്ളത്. എന്നാൽ, ഇവിടേക്ക് ഒരുറോഡ് മാത്രമാണുള്ളത്. ചെറിയ വാഹനങ്ങൾകൊണ്ട് ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. അതിനാൽ, ചെറിയ കാറുകളടക്കം എത്തപ്പെടാൻ സഹായിക്കുന്ന ബദൽ സംവിധാനമാണ് മന്ത്രാലയം നോക്കുന്നതെന്നും ഇദ്യോഗസ്ഥൻ പറഞ്ഞു.
ദാഖിലിയ ഗവർണറേറ്റ് അൽ ഹംറ വിലായത്തിലെ ജബൽ ശംസിലേക്കുള്ള റോഡ് നിർമാണത്തിനായി കഴിഞ്ഞ വർഷം മന്ത്രാലയം സൂപ്പർവിഷൻ കൺസൾട്ടൻസി സേവനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു. ഒന്നംഘട്ടത്തിൽ വരുന്ന ഏകദേശം 26.2 കി.മീ, രണ്ടാം ഘട്ടത്തിൽവരുന്ന 6.1 കി.മീറ്റർ എന്നിവയാണ് നിർമാണത്തിൽ വരുന്നത്. രാജ്യത്തെ പ്രധാന കൊടുമുടികളിലൊന്നാണ് ജബൽ ശംസ്. സമുദ്ര നിരപ്പിൽനിന്ന് 3100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽവരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസണിലാണ് ഇവിടേക്ക് വിനോദസഞ്ചാരികൾ എത്തുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞുകട്ടകൾ നിറയും. ക്യാമ്പ് ചെയ്യാൻ ഏറ്റവും അറിയപ്പെടുന്ന സ്ഥലം കൂടിയാണിത്. ഏറെ അപകടങ്ങൾ പതി യിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും വളവുകളും തിരിവുകളും ഉള്ളതിനാൽ ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്.
ബർക-സുവൈഖ് പാതയുൾപ്പെടെ ബാത്തിന തീരദേശ റോഡിന്റെ പൂർത്തീകരണം, ശർഖിയ എക്സ്പ്രസ് വേ (അൽ കാമിൽ-സൂർ), ബാത്തിന എക്സ്പ്രസ് വേ (മൂന്നാം പാക്കേജ്), മുസന്ദം ഗവർണറേറ്റിലെ ദിബ്ബ-ലിമ-ഖസബ് റോഡ്, തെയക്കൻ ശർഖിയ്യ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിടെ വിലായത്തിൽനിന്ന് ജഅലൻ ബാനി ബു അലി വിലായത്തിലേക്കുള്ള ഇരട്ടപ്പാത, ആദം-തംറൈത്ത് ഇരട്ടപ്പാത പദ്ധതി എന്നിവയും മറ്റ് റോഡ് പദ്ധതികളിൽ ഉൾപ്പെടുന്നതാണെന്ന് ഗതാഗത, വാർത്തവിനിമത, വിവരസാങ്കേതിക മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ