പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ പോളിൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് കോൺഗ്രസ് പരാതി നൽകി.പോളിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പോലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായവരുടെ ഫോട്ടോ ഉപയോഗിച്ച് നടത്തുന്ന പ്രചരണത്തിനെതിരെയാണ് പരാതി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവർക്കെതിരെ കലാപകാരികൾ എന്ന രീതിയിൽ സോഷ്യൽ മിഡിയകളിൽ വയനാട് പൊലീസ് നടത്തുന്ന പ്രചരണം കടുത്ത മനുഷ്യവകാശ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ പി.ഡി. സജി മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു
ഉദ്യോഗസ്ഥരുടെ ഔദ്യോഗീക കൃത്യനിർവ്വണം തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളാണ്. രണ്ടായിരത്തിലധികം ആളുകൾ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് കണ്ടാൽ അറിയുന്ന ആളുകൾ കുറ്റം ചെയ്തു എന്നാണ് ആരോപണം. സ്ഥലത്ത് തിങ്ങിനിറഞ്ഞ ആളുകളിൽ മുന്നിൽ നിന്ന് സംഭവം വീക്ഷിച്ചവരെ വീഡിയോ ക്ലിപ്പിന്റെ ഭാഗം കണ്ട് പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പരാതിൽ പറയുന്നു.
ആൾക്കൂട്ടത്തിന് അകത്ത് നിന്നാണ് രണ്ടായിരം രൂപയിൽ താഴെ മാത്രം വിലവരുന്ന ജീപ്പിന്റെ സൈഡിൽ തൂക്കിയ റെക്സിൻ പറിക്കപ്പെട്ടത് , അതിന് തൊണ്ണൂറ്റി എട്ടായിരം രൂപ നഷ്ടം എന്ന് കാണിച്ചിരിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും , കള്ളവുമാണ്. വന്യമൃഗ ആക്രമണത്തിൽ ജീവിതം തന്നെ നിലനിൽപ്പിനെ നേരിടുമ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണത്തെ കലാപമാക്കി മാറ്റി ജനങ്ങളെ ഭിഷണിപ്പെടുത്താനാണ് പോലീസ് , വനം അധികൃതർ ശ്രമിക്കുന്നതെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
കേസിൽ പ്രതിയാക്കപ്പെട്ടവർ കൊടും ഭീകരർ എന്ന രീതിയിലുള്ള പ്രചരണം പോലിസ് തന്നെ നടത്തുകയാണ് . പ്രതിയാക്കപ്പെട്ടവർ കുറ്റവാളികൾ ആകുന്നില്ല എന്നും വിചാരണക്ക് ശേഷം കുറ്റക്കാരനായി കോടതി കണ്ടെത്തിയാൽ മാത്രമേ കുറ്റക്കാരനാകൂ എന്ന് നിയമം വ്യവസ്ഥ ചെയ്യുമ്പോൾ അത് അറിയാവുന്ന പോലീസ് തന്നെ കുപ്രചരണം അഴിച്ച് വിടുന്നത് ഗുരുതരമായ നിയമ ലംഘനമാണ് ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്നും, പുൽപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയി പി.ഡി. സജി ആവശ്യപ്പെട്ടു