കുവൈത്ത് സിറ്റി ∙ കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലും, വോട്ടിങ് സമ്പ്രദായത്തിലും മാറ്റം വരുത്താൻ ആലോചിക്കുന്നതായി സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു. ഇലക്ടറൽ മണ്ഡലങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വക്താവ് അമർ അൽ അജ്മി പറഞ്ഞു.
“വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇലക്ട്രൽ നിയോജക മണ്ഡലങ്ങളിലും വോട്ട് സമ്പ്രദായത്തിലും പഴയ പോലെ തന്നെയായിരിക്കും,” എന്ന് സർക്കാർ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ അജ്മി പറഞ്ഞു. കുവൈത്തിനെ അഞ്ച് ഇലക്ടറൽ മണ്ഡലങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നുത്. ഓരോ മണ്ഡലവും 50 സീറ്റുകളുള്ള പാർലമെന്റിലേക്ക് 10 എംപിമാരെ തിരഞ്ഞെടുക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ലഭ്യമായ സീറ്റുകളുടെ എണ്ണം 10 ആണെങ്കിലും, ഈ മണ്ഡലങ്ങളിലെ ഓരോ വോട്ടർക്കും ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ടു രേഖപെടുത്താൻ സാധിക്കുകയുള്ളു. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന 10 പേർ ആണ് ഓരോ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക.
കുവൈത്ത് നിയമപ്രകാരം, പാർലമെന്റ് പിരിച്ചുവിട്ട തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണം. അതിൻപ്രകാരം ഏപ്രിൽ 15 ന് മുൻപായി സർക്കാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ