കുവൈത്ത് സിറ്റി ∙ മലയാളിയുടെ പാട്ട് ഈണത്തിൽ പ്രഭ ചൊരിഞ്ഞാണ് ഇത്തവണയും കുവൈത്തിന്റെ സ്വാതന്ത്ര്യ ദിന, വിമോചനദിന ആഘോഷങ്ങൾ. ഈ മാസം 25, 26 തീയതികളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന, വിമോചനദിന ആഘോഷങ്ങൾക്കും പുറമെ ഹലാ ഫെബ്രുവരി ആഘോഷങ്ങൾക്കും എട്ടാം തവണയും ഗാനമൊരുക്കിയാണ് തൃശൂർ മുറ്റിച്ചൂർ സ്വദേശി ഹബീബുള്ള ശ്രദ്ധ നേടുന്നത്. സ്കൂൾ കാലഘട്ടത്തിൽ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിൽ വിജയം നേടിയിട്ടുള്ള ഹബീബുള്ളയുടെ ഈണങ്ങൾ ഹൃദയത്തിൽ നിന്ന് ഉയരുന്ന സംഗീതമാണെന്ന് ആസ്വദാകർ പറയും. ഓൾ ഇന്ത്യ റേഡിയോയിൽ മാപ്പിളപ്പാട്ട് അവതരണം നടത്തിയിട്ടുള്ള ഹബീബുള്ള കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായിട്ടാണ് പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം കുവൈത്ത് പൊലീസിൽ ഫൊട്ടോഗ്രഫറായി ജോലി ലഭിച്ചു.
പ്രവാസത്തിന്റെ സുഖ ദുഃഖങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സമയം കണ്ടെത്തി. നിലാവ് എന്ന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ എത്തിയതോടെ കാൻസർ ചികിത്സാ രംഗത്ത് പ്രശസ്തനായ ഡോ. പി. വി ഗംഗാധരനുമായി സഹകരിച്ച് ഒട്ടേറെ ക്യാംപുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഇപ്പോഴും തുടർന്നുവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കിടയിലും തുടിക്കുന്ന മാപ്പിളപാട്ടിന്റെ ശീലുകൾ രാകിമിനുക്കുന്നതോടൊപ്പം പാട്ടിന്റെ വ്യത്യസ്ത മേഖലകളിലേക്ക് കടക്കുന്നത് 2018-ൽ മുജ്തബ ക്രിയേഷൻസിന്റെ ബാനറിൽ സംഗീത ആൽബം പുറത്തിറക്കുന്നതിലൂടെയാണ്.
ഇന്ത്യ-കുവൈത്ത് ബന്ധത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഒ. എം. കരുവാരക്കുണ്ട് എഴുതിയ മലയാളം വരികളും എ.എച്ച്. മുടിക്കോട് എഴുതിയ അറബി വരികളും. മികച്ച ദൃശ്യ സങ്കലനവും കൂടി ആയപ്പോൾ കുവൈത്തി സമൂഹത്തിൽ നിന്നടക്കം സ്വീകാര്യതയുള്ളമികച്ച ഗാനമായി മാറുകയായിരുന്നു. ‘മബ്റൂക് യാ കുവൈത്ത് ‘ എന്ന പേരിൽ ഇറങ്ങിയ ആ ഗാനം ഇപ്പോഴും പൗരന്മാരുടെയും പ്രവാസി സമൂഹത്തിന്റെയും കുവൈത്ത് ദേശീയ ദിന ആഘോഷവുമായി ബന്ധപ്പെട്ട വിഡിയോകളിൽ സ്ഥാനം പിടിക്കുന്നു.
വൈവിധ്യമാർന്ന ഭാഷകളിലാണ് രചനകൾ. മലയാളം, അറബിക്, ഹിന്ദി ഭാഷകളിലാണ് പ്രധാനമായും ഗാനരചന. ആശൽ അമീർ, ഹല കുവൈത്ത് 2020, മബ്റൂക്ക് കുവൈത്ത് 2, കുവൈത്ത് ഹമാര പ്യാർ, യാ കുവൈത്ത് മർഹബ, ഈദ് അൽ കുവൈത്ത് എന്നീ ഗാനങ്ങൾ ആണ് കഴിഞ്ഞ വർഷം വരെ പുറത്തിറക്കിയത്. ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന്റെ പേര് ‘ആശൽ കുവൈത്ത്’. നിലവിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. അതിൽ ആറ് ലക്ഷത്തിൽ അധികം പേർ മലയാളികൾ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഹബീബിന്റെ ഗാനം പ്രവാസികളും സ്വദേശികളും ഒരേ പോലെ ഇഷ്ടപ്പെടുന്നു. സിബി ജോർജ് ഇന്ത്യൻ സ്ഥാനപതി ആയിരുന്ന കാലഘട്ടത്തിൽ എംബസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടി ‘നമസ്തേ കുവൈത്ത്’ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു 18 മണിക്കൂർ നീണ്ടുനിന്ന ഇന്ത്യൻ കലകളുടെ പ്രദർശനം. 1500 കലാകാരൻമാർ അണിനിരന്ന ആ പരിപാടി വൻ വിജയമാക്കുന്നതിൽ പ്രധാന കോഓർഡിനേറ്റർമാരിൽ ഒരാളായിരുന്നു ഹബീബ് മുറ്റിച്ചൂർ.
” നമ്മൾ ഈ ലോകത്ത് വന്നു, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നിയാൽ മുന്നിട്ടിറങ്ങുക, സഹൃദയനായിരിക്കുക” ഇതു മാത്രമാണ് പ്രവർത്തനശൈലി എന്ന് ഹബീബ് പറയുമ്പോൾ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഹബീബിനെ കാണുന്നു. തൃശൂർ മുറ്റിച്ചൂരിൽ പരേതരായ അമ്പലത്ത് വീട്ടിൽ ഉമ്മർ റുഖിയ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത പുത്രനാണ് ഹബീബ്, ഭാര്യ ഷെഫീന ഹബീബുള്ള, മക്കൾ മൊഹമ്മദ് സാലിഹ്, അയ്ഷ ജുമാന, ജുമാന ഹസീൻ, അയാൻ അഹമ്മദ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ